ദമാസ്‌കസ്: സിറിയൻ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് നഗരങ്ങൾ പിടിച്ചെടുത്തതായാണ് വിവരം. സിറിയൻ വിഷയത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇതിനിടെ രാജ്യം വിട്ടെന്ന അഭ്യൂഹങ്ങൾ തള്ളി പ്രസിഡന്റ് ബഷാർ അൽ അസദ് രംഗത്തെത്തി.
13 വർഷമായി ബഷാർ അൽ അസദ് ഭരണകൂടത്തിനെതിരെ ആഭ്യന്തര യുദ്ധം നടത്തുകയാണ് വിമത പക്ഷം. ബഷാർ അൽ അസദ് ഭരണകൂടത്തെ വീഴ്‌ത്തുകയാണ് ലക്ഷ്യമെന്ന് സുന്നി സായുധ സംഘമായ എച്ച്ടിഎസ് അറിയിച്ചു. അലെപ്പോ, ഹം, ഹിംസ് തുടങ്ങിയ മൂന്ന് നഗരങ്ങൾ പിടിച്ചെടുക്കുകയും ദമാസ്‌കസ് വളയുകയും ചെയ്‌തെന്ന് വിമത സായുധസേന വ്യക്തമാക്കി.
ഏറ്റുമുട്ടൽ കനത്തതോടെ നഗരങ്ങളിൽ നിന്നുള്ള ആയിരക്കണക്കിന് ജനങ്ങൾ പലായനം ചെയ്‌തെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഭീകരവാദ സംഘടനയായ അൽ-ഖ്വയ്ദ ബന്ധമുള്ള സേനയാണ് എച്ച്ടിഎസ്. കൂടുതൽ നഗരങ്ങൾ പിടിച്ചെടുത്ത് താലിബാൻ നിയങ്ങൾ സിറിയയിൽ നടപ്പിലാക്കാനാണ് വിമത സേന ശ്രമിക്കുന്നത്.
അടുത്തൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ സിറിയയിലേക്ക് യാത്ര ചെയ്യരുതെന്നും സിറിയയിലെ ഇന്ത്യക്കാരോട് രാജ്യം വിട്ട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാനും കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. യുഎൻ സംഘടനയിൽ പ്രവർത്തിക്കുന്ന 14 പേർ ഉൾപ്പെടെ 90 ഇന്ത്യൻ പൗരന്മാർ സിറിയയിലുണ്ടെന്നാണ് വിവരം.















