കൊൽക്കത്ത : ബംഗ്ലാദേശിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്ന് ബിഎസ്പി നേതാവ് മായാവതി . അവരിൽ ഭൂരിഭാഗവും ദളിതരാണ്. അവരിൽ പലരും ദുർബല വിഭാഗത്തിൽ പെട്ടവരാണ്. കോൺഗ്രസ് പാർട്ടി ഇക്കാര്യത്തിൽ നിശ്ശബ്ദത പാലിക്കുകയാണ് . കാരണം കോൺഗ്രസിന്റെ പിഴവുകളാണ് ഇന്ന് അവർ അനുഭവിക്കുന്നതെന്നും മായാവതി പറഞ്ഞു.വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മായാവതി.
“അയൽരാജ്യമായ ബംഗ്ലാദേശിൽ ഹിന്ദുക്കൾ വൻതോതിൽ കുറ്റകൃത്യങ്ങൾക്ക് ഇരയാകുകയാണ്. അവരിൽ ഭൂരിഭാഗവും ദളിതരും ദുർബല വിഭാഗങ്ങളിൽ നിന്നുള്ളവരുമാണ്. കോൺഗ്രസ് പാർട്ടി നിശബ്ദരായിരുന്നു, കോൺഗ്രസ് പാർട്ടി ഇതുവരെ നിശബ്ദത പാലിക്കുകയും മുസ്ലീം വോട്ടുകൾക്ക് വേണ്ടി മാത്രം ഇപ്പോൾ സംഭാൽ… സംഭാൽ എന്ന് നിലവിളിക്കുകയും ചെയ്യുന്നു. .. .” ബിഎസ്പി നേതാവ് മായാവതി പറഞ്ഞു.
“ഈ സാഹചര്യത്തിൽ ബിജെപി നയിക്കുന്ന കേന്ദ്രസർക്കാർ അതിന്റെ ഉത്തരവാദിത്തം നിറവേറ്റണം. അങ്ങനെ ചൂഷണത്തിന് ഇരയാകുന്ന ദളിത് വിഭാഗക്കാർ കഷ്ടപ്പെടേണ്ടതില്ല… അല്ലെങ്കിൽ അവരെ അവിടെയുള്ള സർക്കാരുമായി സംസാരിച്ച് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരണം, കോൺഗ്രസിന്റെ തെറ്റ് കാരണം അവർ നഷ്ടം സഹിക്കുന്നു,” അവർ കൂട്ടിച്ചേർത്തു.
കോൺഗ്രസും സമാജ്വാദി പാർട്ടിയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്നും അവർ പറഞ്ഞു. ഇപ്പോൾ നടക്കുന്ന പാർലമെൻ്റ് സമ്മേളനത്തിൽ കോൺഗ്രസും എസ്പിയും പൊതുക്ഷേമത്തേക്കാൾ രാഷ്ട്രീയ താൽപ്പര്യങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും മായാവതി ആരോപിച്ചു.
കോൺഗ്രസും സമാജ്വാദി പാർട്ടിയും രാജ്യത്തെ ബാധിക്കുന്ന നിർണായക വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടാണ് സംഭാലിലെ അക്രമങ്ങൾ ഉപയോഗിക്കുന്നതെന്ന് അവർ ആരോപിച്ചു.















