ദമാസ്കസ്: സിറിയൻ തലസ്ഥാനമായ ദമാസ്കസ് വിമത സൈന്യമായ ഹയാത് തഹ്‌രീർ അൽ ഷംസ് (എച്ച് ടിഎസ്) പിടിച്ചെടുത്തതോടെ പ്രസിഡന്റ് ബാഷർ അൽ അസദ് രാജ്യം വിട്ടതായി റിപ്പോർട്ട്. തലസ്ഥാനം പിടിച്ചെടുത്തതോടെ വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയെന്ന് എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു. അതേസമയം അധികാര കൈമാറ്റത്തിന് സർക്കാർ തയ്യാറാണെന്ന് സിറിയൻ പ്രധാനമന്ത്രി മുഹമ്മദ് ഗാസി അൽ ജലാലി പറഞ്ഞു.
സിറിയൻ ഭരണകൂട ഭീകരതയുടെ പ്രതീകമായി വിശേഷിപ്പിക്കുന്ന സെദ്‌നായയിലെ ജയിലിൽ വിമതർ കീഴടക്കിയെന്ന് വാർത്ത ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു. തന്ത്രപ്രധാന നഗരമായ ഹോംസ് പിടിച്ചെടുത്തതായി വിമത സംഘം നേരത്തെ പറഞ്ഞിരുന്നു. എന്നാൽ സിറിയൻ പ്രതിരോധ മന്ത്രാലയം ഇത് നിഷേധിച്ചിരുന്നു.രാജ്യത്ത് ഒരാഴ്ചക്കിടെ 2.80 ലക്ഷം പേർ അഭയാർഥികളായതായി യു.എൻ ലോക ഭക്ഷ്യ പദ്ധതി തലവൻ സമീർ അബ്ദുൽ ജാബിർ പറഞ്ഞു.
വർഷങ്ങളായി അസദ് ഭരണകൂടത്തെ പിന്തുണച്ചിരുന്ന ഹിസ്ബുള്ള തങ്ങളുടെ അംഗങ്ങളോട് പിൻവലിയാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ചിലർ സിറിയയിലെ തന്നെ ലതാകിയയിലേക്കും മറ്റു ചിലർ ലെബനനിലെ ഹെർമൽ ഏരിയയിലേക്കും മാറിയതായാണ് വിവരം.
13 വർഷമായി അസദ് ഭരണകൂടത്തിനെതിരെ ആഭ്യന്തര യുദ്ധം നടത്തുകയാണ് വിമത പക്ഷം. ബഷാർ അൽ അസദ് ഭരണകൂടത്തെ വീഴ്‌ത്തുകയാണ് സുന്നി സായുധ സംഘത്തിൻരെ ലക്ഷ്യം. . ഭീകരവാദ സംഘടനയായ അൽ-ഖ്വയ്ദ ബന്ധമുള്ള സേനയാണ് എച്ച്ടിഎസ്. മാത്രമല്ല ഹിസ്ബുള്ളയുടെ പിന്തുണയും ഇവർക്കുണ്ട്.















