ശ്രീനഗർ: ജമ്മുകശ്മീരിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കശ്മീരിലെ ഉധംപൂരിൽ നിർത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിനുള്ളിലാണ് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ 6.30 ഓടെയായിരുന്നു സംഭവം. ഉധംപൂർ പൊലീസ് സ്റ്റേഷനിലെ ഡ്രൈവറും കോൺസ്റ്റബിളുമാണ് വെടിയേറ്റ് മരിച്ചത്. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഉദ്യോഗസ്ഥൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
സോപാറിൽ നിന്ന് തൽവാരയിലെ പരിശീലന കേന്ദ്രത്തിലേക്ക് പോവുകയായിരുന്നു ഉദ്യോഗസ്ഥർ. ഒരു പൊലീസ് ഉദ്യോഗസ്ഥൻ മറ്റൊരു ഉദ്യോഗസ്ഥനെ വെടിയുതിർത്ത ശേഷം ആത്മഹത്യചെയ്യുകയായിരുന്നു എന്നാണ് നിഗമനം. കാളിമാതാ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു സംഭവം നടന്നത്. പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി.
എകെ 47 തോക്ക് ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് പരിശോധനയിൽ കണ്ടെത്തി. രണ്ട് മൃതദേഹവും പോസ്റ്റുമോർട്ടത്തിനായി ഉധംപൂരിലേക്ക് മാറ്റിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഉധംപൂർ എസ്എസ്പി അമോദ് അശോക് പറഞ്ഞു.















