തിരുവനന്തപുരം: റൺവേയ്‌ക്ക് മുകളിൽ പട്ടം പറത്തിയതോടെ വിമാനങ്ങൾക്ക് വഴി മുടങ്ങി. തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഇന്നലെ വൈകിട്ട് 200 അടി മുകളിലായാണ് പട്ടം പറന്നത്. ഇതോടെ വ്യോമഗതാഗതം തടസപ്പെടുകയായിരുന്നു.
രണ്ടുമണിക്കൂറോളമാണ് വ്യോമഗതാഗതം തടസപ്പെട്ടത്. ലാൻഡ് ചെയ്യാനെത്തിയ നാല് വിമാനങ്ങളെ വഴിതിരിച്ച് വിടുകയും പുറപ്പെടാനൊരുങ്ങിയ രണ്ട് വിമാനങ്ങളുടെ യാത്ര താത്കാലികമായി നിർത്തിവയ്‌ക്കുകയും ചെയ്തു.
വിമാനത്താവളത്തിലെ അഗ്നിശമന സേനയും മറ്റ് ഉദ്യോഗസ്ഥരും പട്ടം താഴെ ഇറക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. പട്ടം നിൽക്കുന്ന ഭാഗത്തിലേക്ക് വെള്ളം ചീറ്റിയും റോക്കറ്റുകൾ അയച്ചും പട്ടത്തെ താഴെയിറക്കാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.
ലാൻഡ് ചെയ്യാനെത്തിയ വിമാനങ്ങൾക്ക് പരിധിയിൽ ചുറ്റിക്കറങ്ങുന്നതിനുള്ള അനുമതിയായ ഗോ എറൗണ്ട് സന്ദേശമാണ് നൽകിയത്. ഇതുപ്രകാരം വൈകിട്ട് 4.20 ഓടെ മസ്‌കറ്റിൽ നിന്നെത്തിയ എയർ ഇന്ത്യാ എക്‌സ്പ്രസ്, ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യ, ഡൽഹിയിൽ നിന്നെത്തിയ എയർ ഇന്ത്യ, ബെംഗളൂരുവിൽ നിന്നെത്തിയ ഇൻഡിഗോ തുടങ്ങിയ വിമാനങ്ങൾ ഗോ എറൗണ്ട് നടത്തി. വൈകിട്ട് ആറരയോടെ പട്ടം തനിയെ താഴേക്ക് പതിക്കുകയായിരുന്നു.















