അമൃതസർ: യൂറോപ്പ്യൻ ശൈലിയിലുള്ള വ്യക്തിജീവിതം യുവജനത അനുകരിക്കുന്നത് ഭാരതത്തിന്റെ സാമൂഹ്യ ജീവിതത്തിന് ദോഷം ചെയ്യുമെന്ന് ആർഎസ്എസ് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ. സഹകാർ ഭാരതി ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആയിരകണക്കിന് ആണ്ടുകൾ പഴക്കമുള്ളതാണ് നമ്മുടെ കുടുംബ വ്യവസ്ഥ. ഭാരതത്തിന്റെ അടിസ്ഥാനതത്വമാണ് പരസ്പര സഹകരണം. എന്നാൽ പരസ്പരം സഹകരണമില്ലായ്മയിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. ഈ അവസ്ഥ തിരുത്തുന്നതിൽ യുവാക്കൾക്ക് നിർണായക പങ്ക് വഹിക്കാൻ സാധിക്കും. അതിലേക്കായി ഭാരതത്തിന്റെ കുടുംബ വ്യവസ്ഥയും സാമാജിക ബോധവും യുവാക്കളിൽ എത്തിക്കണം.
ഇതിൽ സഹകരണ മേഖലയ്‌ക്കും നിർണായക പങ്ക് വഹിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യം പൂർണമായും വളർന്നുവെന്ന് പറയാൻ സാധിക്കില്ല. രാജ്യം അഭിവ്യദ്ധി പ്രാപിക്കുമ്പോഴും ദാരിദ്ര്യരേഖയ്‌ക്ക് താഴെ ജനങ്ങൾ ഉണ്ടാകുന്നു. പല ഉത്പ്പന്നങ്ങളും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നു. ഇതിന് മാറ്റം ഉണ്ടാക്കേണ്ടിയിരിക്കുന്നു. സമസ്ത മേഖലയേയും സ്പർശിക്കുന്ന സഹകരണ മേഖലയ്‌ക്ക് ഇതിന് മാറ്റം ഉണ്ടാക്കാൻ സാധിക്കും. അതിലേക്കായി സാമ്പത്തികവും ആധ്യാത്മികവും സമന്വയിപ്പിച്ച് സഹകരണ മേഖലയെ ശക്തിപ്പെടുത്തണം. സഹകാർഭാരതി ഈ ഉദ്യമം ഏറ്റെടുത്ത് ഗ്രാമങ്ങളിലേക്ക് ഇറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.















