ന്യൂഡൽഹി : നോബേൽ സമ്മാന ജേതാവും ബംഗ്ലാദേശ് ഇടക്കാല ഗവൺമെൻ്റ് തലവനുമായ മുഹമ്മദ് യൂനസിന്റെ യോഗ്യതകൾ പുനഃപരിശോധിക്കണമെന്ന് അഭ്യർത്ഥിച്ച് പശ്ചിമ ബംഗാൾ ബിജെപി ലോക്‌സഭാ എംപി ജ്യോതിർമയ് സിംഗ് മഹാതോ നോർവീജിയൻ നൊബേൽ കമ്മിറ്റിക്ക് കത്തയച്ചു.
സമാധാനത്തിനുള്ള നോബേൽ സമ്മാന ജേതാവായ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിൽ “ബംഗ്ലാദേശിലെ ഹിന്ദുക്കൾക്കും മറ്റ് ന്യൂനപക്ഷങ്ങൾക്കുമെതിരായ കടുത്ത അതിക്രമങ്ങൾ ” നടക്കുകയാണ്. ഇത് പരിഹരിക്കണമെന്നും മഹ്തോ തന്റെ കത്തിൽ നോബേൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടു .
“ഈ ക്രൂരതകളെ പരസ്യമായി അപലപിക്കാനും ബംഗ്ലാദേശിൽ ഡോ.യൂനസിന്റെ നേതൃത്വത്തിൽ ന്യൂനപക്ഷങ്ങൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അക്രമങ്ങളെ അപലപിച്ച് പ്രസ്താവന ഇറക്കാനും” മഹ്തോ നോബേൽ കമ്മിറ്റിയോട് അഭ്യർത്ഥിച്ചു.
“അക്രമത്താലും അനീതിയാലും മലിനമായ വ്യക്തികൾക്ക് സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുന്നതിലെ വിരോധാഭാസം ഉയർത്തിക്കാട്ടാൻ നിർബന്ധിതനായ ഹൃദയത്തോടെയാണ് ഞാൻ ഇത് നിങ്ങൾക്ക് എഴുതുന്നത്.” മഹാതോയുടെ കത്തിൽ പറയുന്നു.
” ഡോ. യൂനുസ്, മനുഷ്യരാശിക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾ സംഘടിപ്പിക്കുകയോ അതിനു നേരെ കണ്ണടയ്‌ക്കുകയോ ചെയ്യുന്നു. ബംഗ്ലാദേശിൽ സംഘടിതമായി വീടുകളും ഹിന്ദു ക്ഷേത്രങ്ങളും നശിപ്പിക്കുന്നത് ഉൾപ്പെടെയുള്ള അക്രമങ്ങൾ വർധിച്ചിട്ടുണ്ട്. ബലാത്സംഗങ്ങൾ, മതപരമായ അവകാശങ്ങൾ അടിച്ചമർത്തൽ, ഹിന്ദു ആഘോഷങ്ങളായ ദുർഗാപൂജക്കെതിരെയുള്ള ഭീഷണിപ്പെടുത്തൽ, കൊള്ളയടിക്കൽ, പൊതു ആഘോഷങ്ങൾ നിരോധിക്കൽ എന്നിവയാണ് ബംഗ്ലാദേശിൽ നടമാടുന്നത്.”
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഡോക്ടർ യൂനസിനെ അപലപിക്കുകയും ബംഗ്ലാദേശിലെ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് പിന്നിലെ “മാസ്റ്റർ മൈൻഡ്” എന്ന് വിളിക്കുകയും ചെയ്തതായി മഹാതോ തന്റെ കത്തിൽ പരാമർശിച്ചു. “സമാധാനത്തിന്റെയും നീതിയുടെയും സത്തയ്‌ക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികൾക്ക് മനുഷ്യരാശിയുടെ പ്രത്യാശയുടെ വിളക്കായ സമാധാനത്തിനുള്ള നൊബേൽ സമ്മാനം നൽകുമ്പോൾ അതിന്റെ ധാർമ്മികത നഷ്ടപ്പെടും” എന്നും പുരുലിയ എംപി പരാമർശിച്ചു.
“ഒരുകാലത്ത് സാമൂഹ്യ പരിഷ്കർത്താവായി ആഘോഷിക്കപ്പെട്ട ഡോ. യൂനസ് ഇപ്പോൾ “ഹിന്ദുക്കളെ കശാപ്പു ചെയ്യുന്നവൻ ” ആയി മാറിയിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭരണകൂടം ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് മാത്രമല്ല, അതിന്റെ പരാജയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ഇന്ത്യാ വിരുദ്ധ വായ്‌ത്താരികളിൽ മുഴുകുകയും ചെയ്യുന്നു. നൊബേൽ സമ്മാനം ഉയർത്തിപ്പിടിക്കാൻ ആഗ്രഹിക്കുന്ന സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റെയും തത്വങ്ങൾക്ക് വിരുദ്ധമാണ് ഇത്തരം നടപടികൾ,” മഹ്തോയുടെ കത്തിൽ പറയുന്നു.