തിരുവനന്തപുരം: സംസ്ഥാനത്ത് മുരിങ്ങക്കായയുടെ ചില്ലറ വിൽപ്പന വില 400 കടന്നു. തമിഴ്നാട്ടിലെ കോയമ്പേട് മാർക്കറ്റിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മുരിങ്ങക്കായ എത്തുന്നത്. ഇവിടെയും മുരിങ്ങക്കായ കിട്ടാനില്ലാത്ത സ്ഥിതിയാണ്. കോയമ്പേടിൽ 380 മുതൽ 400 രൂപയാണ് ചില്ലറ വിൽപ്പന വില.
സംസ്ഥാനത്ത് എല്ലാം പച്ചക്കറികൾക്കും തീവിലയാണ്. ഒരു മാസത്തിനിടെ സവാളയ്‌ക്ക് 45 രൂപയാണ് കൂടിയത്. സവാളയുടെ 30 ൽ നിന്നാണ് 75 ലേക്ക് ഉയർന്നത്. ചെറിയുള്ളിയുടെ വിലയും അത്ര ചെറുതൊന്നുമല്ല. 80 രൂപയാണ് പുതിയ വില. ഉരുളക്കിഴങ്ങ് 30 ൽ നിന്ന് 66 ആയി. വെളുത്തുള്ളി വില 400 ൽ തുടരുമ്പോൾ നേന്ത്ര കായയുടെ ചില്ലറവില്പന കിലോ 80 ലെത്തി. മുമ്പെങ്ങുമില്ലാത്ത വിലക്കയറ്റമാണ് തേങ്ങയ്‌ക്ക്. കിലോ 80 നാണ് ചില്ലറ വില്പന.
തമിഴ്നാട്ടിൽ കനത്ത മഴയെ തുടർന്നുണ്ടായ കൃഷി നാശമാണ് വില വർധനവിന് കാരണമെന്ന് വ്യാപാരികൾ പറയുന്നത്. വില കുതിച്ചു ഉയരുമ്പോൾ വിപണിയിൽ ഇടപെടാൻ സർക്കാർ തയ്യാറാകാത്തതിൽ ഉപഭോക്താക്കൾ കടുത്ത ആശങ്കയിലാണ്.















