ഏറ്റവും മികച്ച ആഹാര പദാർത്ഥങ്ങളിലൊന്നാണ് മുട്ട! വിവിധ രൂപത്തിലും ഭാവത്തിലും കഴിക്കാം എന്നതുകൊണ്ട് മാത്രമല്ല ധാരാളം പോഷകങ്ങളും മുട്ടയിൽ അടങ്ങിട്ടുണ്ട്. വേവിച്ച മുട്ടയിൽ 6.3 ഗ്രാം പ്രോട്ടീൻ ഉണ്ടെന്നാണ് കണക്ക്. ഇതുകൂടാതെ ശരീരത്തിന് ആവശ്യമായ ഒമ്പത് അമിനോ ആസിഡുകളും മുട്ടയിലുണ്ട്. അതുകൊണ്ട് തന്നെ ഓരോ മുട്ട വീതം സ്ഥിരമായി കഴിക്കാം.
രക്തസമ്മർദ്ദം (Blood Pressure) ഉള്ളവർക്ക് മുട്ട കഴിക്കാമോ?
ഹൃദയാരോഗ്യത്തെ സാരമായി ബാധിക്കുന്നതാണ് ഉയർന്ന രക്തസമ്മർദ്ദം. മരുന്ന് കഴിക്കുന്നത് ബിപി നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും, ഭക്ഷണക്രമത്തിലെ മാറ്റങ്ങൾ അതിനേക്കാൾ വലിയ പങ്കുവഹിക്കുന്നു. മുട്ട ഹൃദയാരോഗ്യകരമായ ഭക്ഷണമായി കണക്കാക്കുന്നുണ്ടെങ്കിലും അവ ഏതുവിധത്തിൽ കഴിക്കുന്നുവെന്നത് സുപ്രധാനമാണ്. തെറ്റായ രീതിയിൽ മുട്ട കഴിച്ചാൽ അതുവഴിയും ബിപി ഉയരും.
ശ്രദ്ധിക്കേണ്ടത്..
മുട്ടയുടെ കലോറി വർദ്ധിപ്പിക്കുന്ന തരത്തിലുള്ള പാചകരീതികൾ ഒഴിവാക്കുക. വെണ്ണയിലോ എണ്ണയിലോ മുട്ട വറുത്ത് എടുക്കുന്നത് അതിലെ സാച്ചുറേറ്റഡ് ഫാറ്റ് കണ്ടന്റ് വർദ്ധിപ്പിക്കും. അത് കൊളസ്ട്രോൾ കൂട്ടും. അതിനാൽ കൊളസ്ട്രോളും ബിപിയും ഒക്കെയുള്ളവർ പോച്ചിംഗ് എഗ്സ് (Poaching eggs) കഴിക്കുന്നതാണ് നല്ലത്. ഇങ്ങനെ മുട്ട പാകം ചെയ്യുമ്പോൾ അതിന് എണ്ണ ആവശ്യമില്ല. അതുകൊണ്ടുതന്നെ ആരോഗ്യകരമായ പാചകരീതിയായി ഇത് കണക്കാക്കുന്നു.
പോച്ചിംഗ് എഗ്സ് തയ്യാറാക്കേണ്ട വിധം
ഒരു പാനിൽ വെള്ളം തിളപ്പിക്കുക, ഈ വെള്ളം നല്ലപോലെ തിളച്ചതിന് ശേഷം അതിലേക്ക് മുട്ട ഉടച്ച് ഒഴിക്കുക. മൂന്ന് മിനിറ്റ് വേവിച്ചതിന് ശേഷം കോരിയെടുക്കാം. ഇതാണ് പോച്ചിംഗ് എഗ് എന്ന് പറയപ്പെടുന്നത്. ഇതിലേക്ക് ആവശ്യത്തിന് പച്ചക്കറികൾ ചേർക്കാവുന്നതാണ്. അതുമല്ലെങ്കിൽ മുട്ട വെറുതെ പുഴുങ്ങി കഴിക്കുന്നതും ബിപിയുള്ളവർക്ക് അനുയോജ്യമാണ്.