ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും പുതുച്ചേരി മുൻ മുഖ്യമന്ത്രിയുമായ എംഡിആർ രാമചന്ദ്രൻ അന്തരിച്ചു. 90 വയസായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അന്ത്യം.
പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസ്വാമിയാണ് മരണവിവരം പുറത്തുവിട്ടത്. മുൻ മുഖ്യമന്ത്രിയുടെ മരണത്തെ തുടർന്ന് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഔദ്യോഗിക ബഹുമതികളോടെ അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
1969 -ൽ പുതുച്ചേരിയിലെ നെട്ടപ്പാക്കം മണ്ഡലത്തിൽ നിന്ന് ഡിഎംകെയ്‌ക്ക് വേണ്ടി മത്സരിച്ച് ജയിച്ചാണ് എംഡിആർ രാമചന്ദ്രൻ തന്റെ രാഷ്‌ട്രീയ ജീവിതം ആരംഭിച്ചത്. മുൻ മുഖ്യമന്ത്രി വെങ്കിടസുബ്ബ റെഡ്ഡിക്കെതിരെ മത്സരിച്ച് എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. ഡിഎംകെയെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങി ഏഴ് തവണ എംഎൽഎയായി തെരഞ്ഞെടുപ്പെട്ടിരുന്നു. രണ്ട് തവണ മുഖ്യമന്ത്രിയായി അധികാരമേറ്റെങ്കിലും ഭരണ കാലാവധി തികയ്‌ക്കുന്നതിന് മുമ്പ് രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
2000-ലാണ് രാമചന്ദ്രൻ കോൺഗ്രസിൽ ചേർന്നത്. 2001-ൽ പുതുച്ചേരി നിയമസഭാ സ്പീക്കറായും 2006-ൽ പുതുച്ചേരി പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡൻ്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.















