ഇംഫാൽ: മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെടുത്തു. സൈന്യവും അസം റൈഫിൾസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തിയത്. മണിപ്പൂരിലെ ചുരാചന്ദ്‌പൂർ, കാങ്പോക്പി, തൗബൽ എന്നിവിടങ്ങളിലായിരുന്നു പരിശോധന.
വനമേഖലകൾ കേന്ദ്രീകരിച്ച് അക്രമികൾ ഒളിച്ചുതാമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ആയുധശേഖരം കണ്ടെത്തിയത്. അസം റൈഫിൾസ്, മണിപ്പൂർ പൊലീസ്, മറ്റ് സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവർ ഓപ്പറേഷന്റെ ഭാഗമായി. രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തിയത്. സ്നൈപ്പർ റൈഫിൾസ്, ഒമ്പത് എംഎം പിസ്റ്റളുകൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
മണിപ്പൂരിലെ വനമേഖലകളിൽ കഴിഞ്ഞ 4, 6 തീയതികളിലും സൈന്യം പരിശോധന നടത്തിയിരുന്നു. ഡബിൾ ബാരൽ റൈഫിൾ, രണ്ട് പിസ്റ്റളുകൾ, ഗ്രനേഡുകൾ എന്നിവ കണ്ടെടുത്തിരുന്നു. സൈന്യം കണ്ടെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും മണിപ്പൂർ പൊലീസിന് കൈമാറിയിട്ടുണ്ട്.
അതേസമയം, മണിപ്പൂരിൽ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സേവനങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്ചിംങ്, ബിഷ്ണുപൂർ, തൗബാൽ, ചുരാചന്ദ്പൂർ, കാങ്‌പോക്പി, ഫെർസാൾ എന്നിവിടങ്ങളിലെ ക്രമസമാധാനനില വിലയിരുത്തിയ ശേഷമാണ് ഇന്റർനെറ്റ് താത്കാലികമായി നിർത്തിവച്ചത്.