പത്തനംതിട്ട: എഡിഎമ്മായിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പ്രസിഡന്റ് പി പി ദിവ്യയെ സംരക്ഷിക്കുന്ന നിലപാടുകൾ വീണ്ടും വ്യക്തമാക്കി സിപിഎം. ദിവ്യയെ എല്ലാവരും ചേർന്ന് ക്രൂശിക്കുകയും മാദ്ധ്യമങ്ങൾക്ക് കൊത്തിപ്പറിക്കാൻ പത്തനംതിട്ട സിപിഎം നേതൃത്വം ഇട്ടുകൊടുത്തത് ശരിയായില്ലെന്നുമാണ് വിമർശനം. അടൂർ ഏരിയ സമ്മേളനത്തിലായിരുന്നു വിമർശനം ഉയർന്നത്.
പാർട്ടിക്ക് വേണ്ടി ത്യാഗങ്ങൾ സഹിച്ച് സമരങ്ങളുടെ തീച്ചൂളയിലൂടെ കടന്നുവന്ന നേതാവാണ് ദിവ്യ. അതിനാൽ പാർട്ടി തള്ളിപ്പറഞ്ഞതും പരസ്യമായി വിമർശിച്ചതും ശരിയായില്ലന്നും യോഗത്തിൽ പങ്കെടുത്ത പ്രതിനിധികൾ പറഞ്ഞു. പത്തനംതിട്ട സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു നവീൻ ബാബുവിന്റെ കുടുംബത്തിനൊപ്പമാണെന്ന് വ്യക്തമാക്കുകയും ദിവ്യയെ വിമർശിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അടൂർ ഏരിയ സമ്മേളനത്തിൽ വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.
നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമെന്ന് സംസ്ഥാന സർക്കാർ ആവർത്തിക്കുമ്പോഴും ഒരു കൈകൊണ്ട് ദിവ്യയെ താങ്ങി നിർത്താനാണ് സിപിഎം ശ്രമിക്കുന്നത്. അതേസമയം നവീൻ ബാബുവിന്റെ പോസ്റ്റുമോർട്ടത്തിൽ ഗുരുതര പിഴവുകൾ ചൂണ്ടിക്കാട്ടി കുടുംബം രംഗത്തെത്തിയിരുന്നു. ഇൻക്വസ്റ്റിൽ പറയുന്ന രക്തക്കറ പരിശോധിക്കാൻ പോസ്റ്റുമോർട്ടം ചെയ്തവർ തയ്യാറായില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്.