അർജുൻ അശോകൻ, അനശ്വര രാജൻ, ബാലു വർഗീസ് എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം എന്ന് സ്വന്തം പുണ്യാളന്റെ ട്രെയിലർ പുറത്തിറങ്ങി. താരങ്ങളുടെ ഫെയ്സ്ബുക്കിലൂടെയാണ് ട്രെയിയർ റിലീസ് ചെയ്തത്. പ്രേക്ഷകരെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രസകരമായ ട്രെയിലറാണ് എത്തിയിരിക്കുന്നത്.
വ്യത്യസ്ത കഥാ പശ്ചാത്തലത്തിലുള്ള ചിത്രം മഹേഷ് മധുവാണ് സംവിധാനം ചെയ്യുന്നത്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിഗോ ജോണാണ് ചിത്രത്തിന്റെ നിർമാണം. മലയാളത്തിലും തമിഴിലുമായാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. അർജുന്റെയും ബാലു വർഗീസിന്റെയും കോമഡി രംഗങ്ങൾ ഉൾപ്പെടുത്തിയുള്ളതാണ് ട്രെയിലർ. മലയാളത്തിൽ ഇതുവരെ ചെയ്തതിൽ നിന്നും വളരെ വ്യത്യസ്തമായ ലുക്കിലാണ് ഇരുവരുമെത്തുന്നത്. അനശ്വരയുടെ രസകരമായ പ്രകടനവും വീഡിയോയിൽ കാണാം.
മുഴുനീള കോമഡി എന്റർടൈൻമെന്റ് ചിത്രമായിരിക്കും എന്ന് സ്വന്തം പുണ്യാളൻ എന്നാണ് ട്രെയിലറിൽ നിന്ന് വ്യക്താമാവുന്നത്. പള്ളിയിലെ വികാരിയച്ചന്റെ വേഷത്തിലാണ് ബാലു വർഗീസ് എത്തുന്നത്. പള്ളിലാച്ചന്റെ രഹസ്യബന്ധം കണ്ടെത്തുന്ന അർജുൻ അശോകനും ഇത് പുറത്തറിഞ്ഞാലുണ്ടാകുന്ന നാണക്കേട് ആലോചിച്ച് നട്ടംതിരിയുന്ന ബാലു വർഗീസുമാണ് ചിത്രത്തിന്റെ കഥ മുന്നോട്ടു കൊണ്ടുപോകുന്നത്
അൽത്താഫ് സലിം, വിനീത് വിശ്വം, രഞ്ജി പണിക്കർ, ബൈജു സന്തോഷ് എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങൾ ചെയ്യുന്നു. പ്രണയവിലാസം, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം അർജുനും അനശ്വരയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് എന്ന് സ്വന്തം പുണ്യാളൻ.















