വ്രതങ്ങൾക്ക് ഏറെ പ്രാധന്യമുള്ള ഹൈന്ദവ വിശ്വാസത്തിൽ മഹാവിഷ്ണുവിനെ ഭജിക്കുവാനുളള ഏറ്റവും വിശേഷപ്പെട്ട വ്രതമാണ് ഏകാദശി
ഭൂലോക വൈകുണ്ഠമായ ഗുരുവായൂരിലെ പ്രധാന ഏകാദശിയാണ് വൃശ്ചിക മാസത്തിലെ വെളുത്ത പക്ഷം, അതായത് കറുത്ത വാവ് കഴിഞ്ഞ് പതിനൊന്നാം ദിവസമുള്ള ഗുരുവായൂർ ഏകാദശി. പൊതുവെ മോക്ഷദാ ഏകാദശി എന്നറിയപ്പെടുന്ന ഈ ദിനം ഗുരുവായൂർ അമ്പലത്തിലെ പ്രതിഷ്ഠാദിനം കൂടിയാണ്. പൂർണ മനസ്സമർപ്പണത്തോടെ, നിറഞ്ഞ നിർമ്മല ഭക്തിയോടെ ഗുരുവായൂർ ഏകാദശി വ്രതം അനുഷ്ഠിച്ചാൽ ഏഴ് ജന്മങ്ങളിലെ പാപങ്ങൾ ഇല്ലാതാവും.
ഇതും വായിക്കുക
ഗുരുവായൂർ ഏകാദശി ദിവസം ജപിക്കേണ്ട മന്ത്രങ്ങളും കീർത്തനങ്ങളും ഏതൊക്കെ ?……
വിഷ്ണുപ്രീതിക്ക് അത്യുത്തമമായ ഏകാദശീ വ്രതം നോൽക്കുന്നത് സർവ്വപാപഹര മാണെന്നാണ് പ്രമാണം.മനഃശുദ്ധിയോടെയും ഭക്തിയോടെയും അനുഷ്ഠിക്കുന്ന ഏകാദശി വ്രതം രോഗശാന്തി, മനഃശാന്തി, കുടുംബ സ്വസ്ഥത, ആയുരാരോഗ്യം, സമ്പത്ത്, കീർത്തി, ശത്രുനാശം, സന്താന സൗഭാഗ്യം എന്നിവ പ്രദാനം ചെയ്യും.
ഏകാദശി വ്രതം അനുഷ്ഠിക്കേണ്ടത് എങ്ങനെ..
ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു തിഥികൾ ആണ് ഏകാദശി വ്രതത്തിൽ സംബന്ധിക്കുന്നത്. ഈ തിഥികൾ വരുന്ന പൂർണ്ണ ദിവസങ്ങളിൽ ആണ് ഏകാദശി വ്രതം എടുക്കേണ്ടത്. ഏകാദശിയുടെ തലേന്ന് ദശമിക്ക് ആരംഭിച്ച് ദ്വാദശിക്ക് പാരണവീടലോടെയാണ് വ്രതം അവസാനിക്കുന്നത്.
ഒന്നാം നാൾ (ദശമി) ‘ഒരിക്കൽ’ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. അന്ന് ലളിത ജീവിതം നയിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നിലത്ത് കിടന്നുറങ്ങുകയും പാദരക്ഷകൾ ഇല്ലാതെ നടക്കുന്നതും ഉചിതമാണ്. അതേസമയം, ഏകാദശിക്ക് മാത്രം വ്രതം നോൽക്കുന്നവരുമുണ്ട്.
രണ്ടാം നാൾ (ഏകാദശി) ബ്രാഹ്‌മമുഹൂർത്തത്തിൽ ഉണർന്ന് രാവിലെ എണ്ണതേക്കാതെ കുളികഴിഞ്ഞ് വിഷ്ണുക്ഷേത്ര ദർശനം നടത്തണം. നാല് പ്രദക്ഷിണമാണ് വെക്കേണ്ടത്. തുളസിമാലയോ തൃക്കൈ വെണ്ണയോ സമർപ്പിക്കാം. പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ ഏകാദശി നാളിൽ നടത്തുന്നത് ഐശ്വര്യപ്രദമാണ്. അന്നേ ദിവസം വിഷ്ണു സഹസ്രനാമം, ഭഗവത് ഗീത, നാരായണീയം, ഭാഗവതം എന്നിവ ചൊല്ലുന്നത് ഉത്തമമാണ്. മന്ത്ര ജപത്തിനായി അഷ്ടാക്ഷരിയും ദ്വാദശാക്ഷരിയും മഹാമന്ത്രവുമാണ് ഉത്തമം.
ഏകാദശി വ്രതം അനുഷ്ഠിക്കുന്ന ദിവസം ഉപവാസമാണ് ഉത്തമം.എന്നാൽ അതിന് സാധിക്കാത്തവർ അരിയാഹാരം ഉപേക്ഷിക്കണം. പഴങ്ങളും ഗോതമ്പ് കൊണ്ടുള്ള ഭക്ഷണങ്ങളും കഴിക്കാം. തുളസി വെള്ളം മാത്രം കുടിച്ച് ഏകാദശി വ്രതം എടുക്കുന്നവരുമുണ്ട്. ഇത് സാധിക്കാത്തവർക്ക് ഏകാദശി ദിവസം ഉച്ചയ്‌ക്കു മാത്രം ഭക്ഷണം കഴിക്കാം. അതും ഗോതമ്പ് ആയിരിക്കണമെന്ന് മാത്രം. പകലുറക്കം നിശ്ചയമായും ഒഴിവാക്കണം. വ്രതദിനം കലഹം, തർക്കം, വൈരാഗ്യ ചിന്ത, അന്യദ്രോഹ ചിന്ത എന്നിവ നിർബന്ധമായും ഉപക്ഷിക്കണം. ആരോഗ്യം അനുവദിക്കുമെങ്കിൽ വെറും തറയില്‍ ശയിക്കണം.ലഹരിപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കരുത്. മൗനവ്രതമാണ് ഏറ്റവും ശുഭപ്രദം.
മൂന്നാം നാൾ ദ്വാദശി ദിവസവും ഒരു നേരം (പകൽ) ആഹാരം കഴിക്കാം. ദ്വാദശി ദിനത്തില്‍ പതിവുപോലെ സൂര്യോദയത്തിന് മുൻപ് ഉണരണം. ക്ഷേത്രദര്‍ശനവും നടത്തി, കഴിയുമെങ്കില്‍ സാധുക്കള്‍ക്ക് അന്നദാനവും നടത്തി, വ്രതം അവസാനിപ്പിക്കാനായി ഭക്ഷണം കഴിക്കാം. , അന്ന് പിന്നെ അരിയാഹാരം കഴിക്കാനും പാടുള്ളതല്ല , മറ്റുള്ള ശുദ്ധ ആഹാരം കഴിക്കാം.
രണ്ട് – മൂന്ന് നാളിലെ അത്താഴം ഒഴിവാക്കി രണ്ട് നേരം മാത്രം ഭക്ഷണം കഴിച്ച് ഉപവസിക്കുന്നത് പാപങ്ങൾ മാറാൻ ഉചിതമാണ്. ദിവസം മുഴുവൻ ഭക്ഷണം കഴിക്കാതെ ഈശ്വര നാമങ്ങൾ ജപിച്ച് വ്രതമനുഷ്ഠിക്കുന്നവരുടെ ഏഴ് ജന്മങ്ങളിലെ പാപങ്ങൾക്ക് അറുതി വരുത്തുമെന്നാണ് വിശ്വസം. വ്രതദിവസം മുഴുവൻ മോക്ഷ ദാതാവായ ഗുരുവായൂരപ്പനെ ഭജിച്ച് നാമജപത്തോടെ കഴിയേണ്ടതാണ്.
പാരണവീടൽ
ഏകാദശിയുടെ പിറ്റേന്ന് ദ്വാദശി ദിവസമാണ് പാരണവീടൽ. ഹരിവാസരസമയത്തിനു ശേഷം മലരും തുളസിയിലയും ഇട്ട തീർത്ഥം സേവിച്ചാണ് പാരണ വിടുക. ഹരിവാസരസമയത്തിനു ശേഷം എപ്പോൾ വേണമെങ്കിലും പാരണവീടൽ നടത്താം. ദ്വാദശി കഴിയുന്നതിനു രണ്ടു നാഴിക (48 മിനറ്റ്) മുൻപേ പാരണവീട്ടി വ്രതം അവസാനിപ്പിക്കാം. ദ്വാദശി തിഥി ഉള്ളപ്പോൾ തന്നെ പാരണവീടൽ നടത്തണമെന്നാണ് പ്രമാണം.
ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്നു ദിവസങ്ങളിലും പകലുറക്കം നിഷിദ്ധമാണ്. ഏകാദശി ദിവസംമാത്രം വ്രതമെടുക്കുന്നവർക്ക് രാത്രിയിലും ഉറക്കം നിഷിദ്ധമാണ്. തുളസിക്ക് പ്രദക്ഷിണം ചെയ്യുന്നതും വ്രതാനുഷ്ഠാനത്തിൽ അനുവർത്തിക്കേണ്ട കർമ്മമാണ്. മൂന്ന് പ്രദക്ഷിണമാണ് വേണ്ടത്.
ഏകാദശി വ്രതം നോൽക്കുന്നവർ ശ്രദ്ധിക്കേണ്ട സമയങ്ങൾ
ദശമി – ദശമി ആരംഭം 2024 ഡിസംബര്‍ 10 ന് 6.05 am മുതൽ 2024 ഡിസംബര്‍ 11 ന് 03 .45 am വരെ
ഏകാദശി – ഏകാദശി ആരംഭിക്കുന്നത് 2024 ഡിസംബര്‍ 11 ന് , 03 .46 am മുതൽ 2024 ഡിസംബര്‍ 12 ന് , 01 .12 am വരെ
ദ്വാദശി – ദ്വാദശി ആരംഭിക്കുന്നത് 12024 ഡിസംബര്‍ 12 ന് , 01 .13 am മുതൽ 2024 ഡിസംബര്‍ 12 ന് , 10 .29 pm വരെ
ഹരിവാസരം – 2024 ഡിസംബര്‍ 11 ന് , 07. 52 pm മുതൽ 2024 ഡിസംബര്‍ 12 ന്, 06. 32 am വരെ (ഏകാദശിയുടെ ഒടുവിലത്തെ 15 നാഴികയും ദ്വാദശിയുടെ ആദ്യത്തെ 15 നാഴികയും കൂടിയ 30 നാഴിക (12 മണിക്കൂർ) സമയമാണിത്.)
പാരണ വീടൽ : ഹരിവാസരസമയത്തിനു ശേഷം എപ്പോൾ വേണമെങ്കിലും പാരണവീടൽ നടത്താം. ദ്വാദശി കഴിയുന്നതിനു രണ്ടു നാഴിക (48 മിനറ്റ്) മുൻപേ പാരണവീട്ടി വ്രതം അവസാനിപ്പിക്കാം.
ഡിസംബർ 11 ബുധനാഴ്ചയാണ് ഈ വർഷത്തെ ഗുരുവായൂർ ഏകാദശി. തുടർച്ചയായി 54 മണിക്കൂർ നട തുറന്നിരിക്കുമെന്നാണ് ബന്ധപ്പെട്ടവര് അറിയിച്ചിരിക്കുന്നത്. ദശമി ദിവസമായ ഡിസംബര്‍ 10 ന് പുലര്‍ച്ചെ നിര്‍മ്മാല്യത്തോടെ തുടങ്ങുന്ന ദര്‍ശനം ദ്വാദശി ദിവസമായ ഡിസംബര്‍ 12ന് രാവിലെ 8 മണി വരെ തുടരും.















