കൊച്ചി: സംസ്ഥാനത്തെ സർവ്വകലാശാലകളിലും ‘സ്പ്രിംഗ്ലർ മോഡൽ’ ഡേറ്റാ തട്ടിപ്പ് നടന്നതായി വിവരം. കരിമ്പട്ടികയിൽപെട്ട സോഫ്റ്റ്‌വെയർ കമ്പനിക്ക് 10 ലക്ഷം സർവകലാശാല വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറുന്നുണ്ടെന്നാണ് റിപ്പോർട്ട്. യുഡിഎഫ് ഭരണകാലത്ത് ആരംഭിച്ച അസാപ് (ASAP) എന്ന സ്ഥാപനത്തിന്റെ മറവിലാണ് ഡേറ്റ തട്ടിപ്പിന് കളമൊരുക്കൽ. ടെൻഡറിൽ പങ്കെടുക്കാത്ത മഹാരാഷ്‌ട്ര നോളേഡ്ജ് കോർപ്പറേഷൻ ലിമിറ്റഡിനാണ് ഡേറ്റ കൈമാറുക.
സർക്കാരിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിലെ സർവകലാശാലകൾ പത്ത് ലക്ഷത്തോളം വരുന്ന കോളേജ് വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങളാണ് കരിമ്പട്ടികയിൽ പെട്ട കമ്പനിക്ക് നൽകുന്നത്. മഹാരാഷ്‌ട്രയിലെ യൂണിവേഴ്സിറ്റികൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ മഹാരാഷ്‌ട്ര നോളേഡ്ജ് കോർപ്പറേഷൻ ലിമിറ്റഡിനാണ് കൈമാറുക. ആരോഗ്യ മേഖലയിൽ ഏറെ വിവാദമായ സ്പ്രിഗ്ലർ മോഡലിന് സമാനമായ മറ്റൊരു ഡേറ്റാ തട്ടിപ്പാണ് സർക്കാർ ഉന്നം വയ്‌ക്കുന്നതെന്നാണ് വിമർശനം. സർക്കാർ സ്ഥാപനമായ ‘അസാപ്’ നെ ഇടനിലക്കാരനാക്കിയാണ് ഡേറ്റ കൈമാറൽ.
കെ – റീപ് എന്ന പേരിൽ ഒരു പുതിയ സോഫ്റ്റ്‌വെയർ നിർമ്മിക്കാൻ അസാപ്പിന് അനുമതി നൽകിയിരുന്നു. സർവ്വകലാശാലകളിലെയും കോളേജിലേയും മുഴുവൻ വിദ്യാർത്ഥികളുടെയും എല്ലാ ഡേറ്റകളും കെ-റീപ്പിന്റെ സർവറിൽ അപ്‌ലോഡ് ചെയ്ത്, സർവ്വകലാശാലകളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ഉദ്ദേശ്യത്തിലാണ് വിദ്യാർത്ഥികളുടെ ഡേറ്റ കൈമാറുന്നത്.
സംസ്ഥാനത്തിന് പുറത്തുള്ള ഏജൻസിയായ MKCL മായി അസാപ് തയ്യാറാക്കിയ ധാരണ പത്രമോ, MKCL എങ്ങനെ അസാപിന്റെ പ്രൊവൈഡർ ആയി എന്നതും ഇതുവരെ പുറത്തുവിട്ടിട്ടില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള സി ഡിറ്റ് പോലുള്ള സ്ഥാപന ങ്ങളെയും ടെൻഡർ നൽകിയിരുന്ന ടാറ്റാ കൺസൾട്ടൻസി സർവീസ്, ഐഐടി ചെന്നൈ തുടങ്ങിയ സ്ഥാപനങ്ങളെയും ഒഴിവാക്കിയ ശേഷമാണ് അസാപ്പിലൂടെ ടെൻഡറിൽ പങ്കെടുക്കാത്ത മഹാരാഷ്‌ട്രയിലെ MKCl എന്ന ഏജൻസിക്ക് കെ-റീപ്പിന്റെ കരാർ നൽകാൻ തീരുമാനിച്ചത്. വിഷയത്തിൽ അന്വേഷണം വേണമെന്ന് എബിവിപി ആവശ്യപ്പെട്ടു.
ടെൻഡറിൽ പങ്കെടുക്കാത്ത ഒരു സ്ഥാപനത്തിന് സർവ്വകലാശാല വിദ്യാർത്ഥികളുടെ ഡേറ്റാ കൈമാറുന്നതും, അസാപ്പുമായോ, MKCL മയോ യാതൊരു കരാറിലും ഒപ്പുവയ്‌ക്കാതെ രേഖകൾ സർവ്വകലാശാലകൾ കൈമാറുന്നതും ഗുരുതരമായ വീഴ്ചയാണെന്നാണ് ആക്ഷേപം.