കൊച്ചി: മുനമ്പം വഖ്ഫ് വിഷയത്തിൽ ലീഗിനോട് അടിയറവ് പറഞ്ഞ് കോൺഗ്രസ്. വഖ്ഫ് ഭൂമി വിഷയത്തിൽ ലീഗ് പിടിമുറുക്കിയപ്പോൾ നിലപാട് മയപ്പെടുത്തുകയായിരുന്നു കോൺഗ്രസ് നേതാക്കൾ. മുസ്ലിം വോട്ടുബാങ്ക് പ്രധാനമായതിനാൽ ലീഗിന്റെ നിലപാടിനെ തള്ളാതെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പിന്നോട്ട് പോയി. നിയമ പണ്ഡിതമാരുമായി സംസാരിച്ചാണ് UDF നിലപാട് വ്യക്തമാക്കിയതെന്ന് വിഡി സതീശൻ പറഞ്ഞു. എല്ലാവരും ഒത്തുചേർന്ന് പ്രശ്നം പരിഹരിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
മുനമ്പം വഖ്ഫ് ഭൂമി തന്നെയാണെന്നും അവിടുത്തെ ജനങ്ങളുടെ രക്ഷ സർക്കാരിന്റെ ബാധ്യതയാണെന്നും മുസ്ലിം ലീഗ് എം.പി ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞിരുന്നു. എന്നാൽ മുനമ്പത്തേത് വഖ്ഫ് ഭൂമിയല്ലെന്ന നിലപാടായിരുന്നു സ്ഥലം സന്ദർശിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രഖ്യാപിച്ചത്. ഇതിനെതിരെ ലീഗ് നേതാവ് കെഎം ഷാജി പരസ്യമായി ഭിന്നത പ്രകടിപ്പിച്ച് രംഗത്തെത്തുകയും ചെയ്തു. വിഷയത്തിലേക്ക് മുസ്ലിം ലീഗിനെ വലിച്ചിഴക്കേണ്ടെന്ന അഭിപ്രായമാണ് ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞത്. മുനമ്പത്തെ ഭൂമി വഖ്ഫിൻറേതല്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. ഇതോടെ മതേതര പാർട്ടിയെന്ന ലേബൽ ചമഞ്ഞ ലീഗിന്റെ നിലപാടുകൾ കോൺഗ്രസിനും തിരിച്ചടിയായി. പിന്നാലെ, വഖ്ഫ് വിഷയത്തിൽ യുഡിഎഫിനിടയിലുള്ള ഭിന്നത മറനീക്കി പുറത്തുവന്നു.
മുസ്ലിം ലീഗ് മതേതര പാർട്ടിയാണ് എന്നുയർത്തിക്കാട്ടുന്ന കോൺഗ്രസിന്റെ പ്രചാരണം പൊള്ളയാണെന്ന് ബോധ്യപ്പെടുത്തുക കൂടിയാണ് ലീഗ് നേതാക്കളുടെ നിലപാട്. മുനമ്പം വഖ്ഫ് ഭൂമിയാണെന്ന് ലീഗ് ശക്തമായി വാദിക്കുമ്പോൾ കോൺഗ്രസ് ആർക്ക് ഒപ്പം നിൽക്കും എന്നതിൽ പ്രതിസന്ധിയുണ്ട്. ലീഗുമായുള്ള ധാരണകൾ കോൺഗ്രസ് മറന്നാൽ 2026 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും കോൺഗ്രസ് ഭയപ്പെടുന്നു. മുസ്ലീം ലീഗ് നിലപാട് കടുപ്പിച്ചതോടെ വഖ്ഫ് വിഷയത്തിലെ പ്രതികരണം മയപ്പെടുത്തി വോട്ടുബാങ്ക് സംരക്ഷിക്കാനുള്ള ശ്രമം വിഡി സതീശൻ നടത്തിയത് വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.















