ന്യൂഡൽഹി: പ്രസിഡൻ്റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ ഭരണം പിടിച്ചെടുത്ത സിറിയയിലെ ഭരണ പ്രതിസന്ധിയിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയം. നിലവിലെ സാഹചര്യത്തിൽ രാജ്യത്തിന്റെ ഐക്യം, പരമാധികാരം, പ്രാദേശിക അഖണ്ഡത എന്നിവയുടെ സംരക്ഷണത്തിനായി എല്ലാ കക്ഷികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജയ്ശങ്കർ പറഞ്ഞു. സിറിയയിലെ അസദ് ഭരണകൂടത്തിന്റെ പതനത്തിനുപിന്നാലെയാണ് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാളിന്റെ പ്രസ്താവന.
സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളെയും പരിഗണിച്ചുകൊണ്ടുള്ള സമാധാനപരവും സുതാര്യവുമായ ഒരു സിറിയൻ രാഷ്‌ട്രീയ നേതൃത്വത്തെയാണ് ഇന്ത്യ പിന്തുണയ്‌ക്കുന്നതെന്ന് രൺധീർ വ്യക്തമാക്കി. സിറിയയിലെ പുതിയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യ സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണ്. സിറിയയുടെ ഐക്യവും പരമാധികാരവും പ്രാദേശിക അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിന് എല്ലാ കക്ഷികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണം. സിറിയയിലെ ഇന്ത്യൻ സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ദമാസ്‌കസിലെ ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
തലസ്ഥാന നഗരമായ ദമാസ്‌കസിൽൽ വിമത ഗ്രൂപ്പുകൾ ആക്രമണം നടത്തിയതിനെ തുടർന്ന് അസദ് ഞായറാഴ്ച മോസ്കോയിലേക്ക് പലായനം ചെതിരുന്നു. ആക്രമികൾ അദ്ദേഹത്തിന്റെ കൊട്ടാരം കയ്യടക്കുകയും സാധനങ്ങൾ കൊള്ളയടിക്കുകയും ചെയ്തു. അതേസമയം കഴിഞ്ഞ ദിവസം സിറിയയിലെ ഐഎസ് ഭീകര ക്യാമ്പുകളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. ഭീകരസംഘടനയെ പുനഃസംഘടിപ്പിക്കാനും നിലവിലെ സാഹചര്യം മുതലെടുക്കാനും അനുവദിക്കില്ലെന്നും അമേരിക്ക വ്യക്തമാക്കി.