ധാക്ക: ബംഗ്ലാദേശിന്റെ വിദേശകാര്യ ഉപദേഷ്ടാവ് തൗഹീജ് ഹുസൈനുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്കയുണ്ടെന്ന് അറിയിച്ചതായും അയൽരാജ്യവുമായി നല്ല ബന്ധം സ്ഥാപിക്കാനാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും വിക്രം മിസ്രി പറഞ്ഞു. ധാക്കയിൽ ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവിനെ കണ്ടതിന് ശേഷം മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിന് ശേഷമുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ ചർച്ച അവസരമൊരുക്കിയെന്നും മിസ്രി പ്രതികരിച്ചു.
കഴിഞ്ഞ ഏതാനും നാളുകളായി ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരെ ആക്രമണങ്ങൾ വർദ്ധിച്ചതിലുള്ള ആശങ്ക ബംഗ്ലാദേശിനോട് പങ്കുവച്ചു. രാജ്യത്ത് അടുത്തിടെ റിപ്പോർട്ട് ചെയ്ത സംഭവവികാസങ്ങളെക്കുറിച്ചും അക്കാര്യത്തിൽ ഇന്ത്യക്കുള്ള ആശങ്കയെക്കുറിച്ചും വിശദമായി സംസാരിച്ചു. ബംഗ്ലാദേശുമായി നല്ല ബന്ധമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ഇരുകൂട്ടർക്കും പരസ്പരം പ്രയോജനപ്പെടുന്ന രീതിയിലുള്ള ബന്ധം. ബംഗ്ലാദേശുമായി ക്രിയാത്മകമായ ബന്ധം തുടരാനാണ് താത്പര്യപ്പെടുന്നതെന്ന് സർക്കാരിനോട് ഊന്നിപ്പറഞ്ഞു. ജനങ്ങളെ കേന്ദ്രീകരിച്ചുള്ള ബന്ധത്തിനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. നിലവിലുള്ള ഇടക്കാല സർക്കാരുമായി അടുത്ത് പ്രവർത്തിക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നു.- ധാക്കയിൽ വിക്രം മിസ്രി പ്രതികരിച്ചു.
ഹിന്ദുക്കൾ ഉൾപ്പടെയുള്ള ന്യൂനപക്ഷങ്ങൾക്കെതിരെ നിരവധി അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ ബംഗ്ലാദേശ് സന്ദർശനം.















