കോഴിക്കോട്: മലബാർ ദേവസ്വം ബോർഡിന്റെ ആചാരലംഘനങ്ങൾക്കെതിരെ ലോകനാർക്കാവ് ഭക്തജന കൂട്ടായ്മ നടത്തിയ നാമജപ ഘോഷയാത്രയിൽ ഭക്തജന സാഗരം. ആചാരലംഘനത്തിനും ദേവസ്വം ബോർഡിന്റെ അലംഭാവത്തിനുമെതിരെയായിരുന്നു പ്രതിഷേധം.
ലോകനാർക്കാവിലെ ഭക്തജന കൂട്ടായ്മ നടത്തിയ നാമജപ ഘോഷയാത്രയിൽ നൂറുകണക്കിന് ഭക്തരാണ് പങ്കെടുത്തത്. ക്ഷേത്രത്തെ പരിശുദ്ധിയോടെ സംരക്ഷിക്കാൻ ദേവസ്വം ബോർഡിനും ക്ഷേത്രം ട്രസ്റ്റി ബോർഡിനും സാധിക്കുന്നില്ലെന്നാണ് ഭക്തജനങ്ങളുടെ പരാതി.
ഹൈന്ദവ വിശ്വാസങ്ങൾക്കോ വിശ്വാസങ്ങൾക്കോ ഭക്തർക്കോ വേണ്ടിയല്ല ഭരണസമിതി പ്രവർത്തിക്കുന്നതെന്ന വിമർശനം കാലങ്ങളായി ശക്തമാണ്. രാഷ്‌ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി മാത്രം ക്ഷേത്രം ഉപയോഗിക്കുന്നതിനെതിരെയും വിശ്വാസി സമൂഹം അമർഷത്തിലാണ്.
ഇക്കൊല്ലത്തെ ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട ബോർഡുകൾ ക്ഷേത്രപരിസരത്ത് വയ്‌ക്കുന്നതിന് എക്സിക്യൂട്ടീവ് ഓഫീസർ വിലക്കേർപ്പെടുത്തുകയും ബാലഗോകുലം രാഷ്‌ട്രീയ സംഘടനയാണെന്നുമുള്ള വിവാദ പരാമർശത്തിന് പിന്നാലെ ലോകനാർക്കാവ് ക്ഷേത്രം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്ഷേത്രത്തിന്റെ മറവിൽ നടക്കുന്ന രാഷ്‌ട്രീയ മുതലെടുപ്പുകൾ പുറംലോകമറിഞ്ഞത്. ഏറ്റവുമൊടുവിലായി ക്ഷേത്രത്തിൽ സിഐടിയുവിന്റെ മെമ്പർഷിപ്പ് വിതരണവും നടത്തിയത്. ഇതോടെയാണ് ഭക്തജനങ്ങൾ പ്രതിഷേധിച്ച് രംഗത്തിറങ്ങിയത്.