പത്തനംതിട്ട: യുവതിയെ വീഡിയോ കോൾ വിളിച്ച ശേഷം ജീവനൊടുക്കി യുവാവ്. ഇടുക്കി കുമളി സ്വദേശി അഭിജിത്ത് ഷാജിയാണ് തിരുവല്ല തിരുമൂലപുരത്ത് തൂങ്ങി മരിച്ചത്. യുവാവിന്റെ ഉപദ്രവം കാരണം പെൺകുട്ടി പ്രണയത്തിൽ നിന്ന് പിന്മാറിയിരുന്നു. ഇതാകാം ആത്മഹത്യക്കുള്ള പ്രേരണയെന്നാണ് പൊലീസ് നിഗമനം. വാടകവീട്ടിലാണ് 21-കാരൻ ജീവനൊടുക്കിയത്.
തിരുമൂലപുരത്തെ വാടക വീട്ടിലെത്തി യുവതി നോക്കിയപ്പോഴേക്കും യുവാവ് മരിച്ചിരുന്നു. തുടർന്ന് പൊലീസ് സ്റ്റേഷനിൽ നേരിട്ടെത്തിയാണ് പെൺകുട്ടി വിവരം അറിയിച്ചത്. ജർമൻ ഭാഷാ പഠനത്തിലാണ് ഇയാൾ പത്തനംതിട്ടയിലെത്തിയത്. നാട്ടുകാരിയായ യുവതിയുമായി ഇയാൾ ദീർഘകാലമായി പ്രണയത്തിലായിരുന്നു.
സുഹൃത്തുക്കളുമായി ഇടപഴകുന്നത് വിലക്കിയിരുന്ന അഭിജിത്തും കാമുകിയുമായി വഴക്ക് പതിവായിരുന്നു. പലതവണ മർദനത്തിന് ഇരയായതോടെ യുവതി രക്ഷിതാക്കളെ വിവരം അറിയിക്കുകയും പ്രണയത്തിൽ നിന്ന് പിന്മാറുന്നതായി യുവാവിനോട് പറയുകയും ചെയ്തിരുന്നു.ഇതാണ് ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമെനനാണ് പൊലീസ് ഭാഷ്യം.