ടെൽഅവീവ്: ഗാസയിൽ ഹമാസിനെതിരായ യുദ്ധം ഉടൻ അവസാനിപ്പിക്കാനുള്ള പദ്ധതിയില്ലെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് ഭീകരർക്കെതിരായ പോരാട്ടം 14 മാസം പിന്നിടുമ്പോൾ ജറുസലേമിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് നെതന്യാഹു ഇക്കാര്യം വ്യക്തമാക്കിയത്. ഈ ഘട്ടത്തിൽ യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് ഭീകരർ വീണ്ടും തിരിച്ചടിക്കുമെന്നും, അവരുടെ സംഘടനയെ ശക്തിപ്പെടുത്തി തിരികെ വരാനുള്ള അവസരമായിരിക്കും അതുവഴി ഉണ്ടാകുന്നതെന്നും നെതന്യാഹു പറയുന്നു.
” ഹമാസിനെതിരെ ഇസ്രായേൽ ബഹുദൂരം മുന്നോട്ട് പോയിരിക്കുകയാണ്. ഈ സമയം യുദ്ധം അവസാനിപ്പിച്ചാൽ ഹമാസ് വീണ്ടും മടങ്ങിവരും. അവർക്ക് സ്വയം ശക്തിപ്പെടുത്തി തിരികെ വരാനുള്ള അവസരമായിരിക്കും അതുവഴി ഉണ്ടാകുന്നത്. ഇസ്രായേലിനെ വീണ്ടും ആക്രമിക്കുക എന്നത് മാത്രമായിരിക്കും അവരുടെ ലക്ഷ്യം. അതുകൊണ്ടുതന്നെ ഇപ്പോൾ ഒരു മടങ്ങിപ്പോക്ക് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. ഭാവിയിലെ ആക്രമണങ്ങൾ തടയുക എന്നത് കൂടി ഈ പോരാട്ടത്തിന്റെ ലക്ഷ്യമാണ്. ഹമാസിന്റെ സൈനിക, ഭരണ നേതൃത്വത്തെ പൂർണമായി ഇല്ലാതാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് മുന്നോട്ട് പോകുന്നത്. ആ ലക്ഷ്യം നിലവിൽ പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ലെന്നും” നെതന്യാഹു പറയുന്നു.
അതേസമയം ഹമാസിന്റെ സൈനികശക്തി ഇസ്രായേലിന് മുന്നിൽ ഇല്ലാതായെന്നും ഭീകരസംഘടനയുടെ നേതൃത്വത്തിലുള്ളവരെ ഇല്ലാതാക്കാൻ സാധിച്ചിട്ടുണ്ടെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. ബന്ദികളെ വീട്ടിലെത്തിക്കാനും, വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള സമയമാണിതെന്നുമാണ് ആന്റണി ബ്ലിങ്കൻ പറഞ്ഞത്. നിലവിൽ തുർക്കി, ഈജിപ്ത്, ഖത്തർ, അമേരിക്ക എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ വെടിനിർത്തൽ കരാർ നടപ്പിലാക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നുണ്ട്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപ് നേടിയ വിജയം ചർച്ചകളുടെ വേഗം വർദ്ധിപ്പിച്ചിട്ടുണ്ടെന്നും മധ്യസ്ഥശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന ഖത്തർ പ്രതിനിധികൾ വ്യക്തമാക്കിയിട്ടുണ്ട്.















