മുംബൈ: ദ്രുതഗതിയിലുള്ള പുരോഗതിക്കായി 100 ദിന കർമപദ്ധതി അവതരിപ്പിച്ച് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്. പ്രധാന വകുപ്പുകളുടെ തലപ്പത്തുള്ള 35 ഉദ്യോഗസ്ഥരുമായി നടത്തിയ ആദ്യ യോഗത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കും ഫ്ലാഗ്ഷിപ്പ് പ്രോഗ്രാമുകൾക്കുമായി രണ്ട് വാർ റൂമുകൾ സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ലക്ഷ്യങ്ങൾ നിറവേറ്റുന്നതിൽ പരാജയപ്പെട്ടാൽ വകുപ്പുകളുടെ തലപ്പത്തുള്ളവർ ഉത്തരം നൽകേണ്ടി വരുമെന്ന മുന്നറിയിപ്പും ഫഡ്നാവിസ് നൽകി. ക്ഷേമ പദ്ധതികൾ കാലത്തിന്റെ ആവശ്യമാണെന്നും ഇതിനായി കേന്ദ്രവുമായി നിരന്തരം ബന്ധപ്പെടുമെന്നും യോഗത്തിൽ അദ്ദേഹം പറഞ്ഞു.
പുതിയ മഹായുതി സർക്കാർ അധികാരമേറ്റതിന് ശേഷം മഹാരാഷ്‌ട്രയിൽ ഭരണസുതാര്യത മെച്ചപ്പെടുകയാണ്. ഇ-ഗവേർണൻസിനും സാങ്കേതികവിദ്യയിൽ അധിഷ്ഠിതമായ സേവനങ്ങൾക്കുമാകും മഹാരാഷ്‌ട്ര സർക്കാർ മുൻതൂക്കം നൽകുക. സർക്കാർ ഓഫീസുകളിലെ തിരക്ക് കുറയ്‌ക്കാൻ ഇത് സഹായിക്കും. ഈ ലക്ഷ്യം കൈവരിക്കുന്നതിനായി വിരമിച്ച ബ്യൂറോക്രാറ്റുകളുടെ കമ്മിറ്റി രൂപീകരിക്കണമെന്നും ഫഡ്നാവിസ് ഉത്തരവിട്ടു.
സുതാര്യത പ്രോത്സാഹിപ്പിക്കുന്നതിനായി സർക്കാർ വകുപ്പുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യമാക്കണം. വിവരാവകാശ നിയമ പ്രകാരം അപേക്ഷകൾ ഫയൽ ചെയ്യുന്ന പ്രക്രിയ എളുപ്പമാക്കണം. സർക്കാരിന്റെ പോർട്ടലുകളിൽ കൃത്യതയാർന്ന വിവരങ്ങൾ നൽകണമെന്നും പോർട്ടലുകൾ നവീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുതുതായി നിയമനം നൽകിയ 1.5 ലക്ഷം സർക്കാർ ജീവനക്കാർക്ക് കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനായി പരിശീലനം വേഗത്തിലാക്കാനും ഫഡ്‌നാവിസ് ഭരണകൂടത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പിഎംഒ പ്രവർത്തിക്കുന്ന രീതിയിലുളഅള പരാതി പരിഹാര സംവിധാനമാണ് ഫഡ്നാവിസിന്റെ മനസിലുള്ളതെന്ന് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.















