ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുൻ കേന്ദ്ര വിദേശകാര്യ മന്ത്രിയുമായ എസ്എം കൃഷ്ണ അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
1962-ൽ മദ്ദൂർ നിയമസഭാ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കൃഷ്ണ തെരഞ്ഞെടുപ്പു രാഷ്‌ട്രീയ ജീവിതത്തിലേക്ക് പ്രവേശിച്ചു. അതിനു ശേഷം ‘പ്രജാ സോഷ്യലിസ്റ്റ് പാർട്ടി’യിൽ ചേർന്നു. എന്നാൽ 1967ലെ തിരഞ്ഞെടുപ്പിൽ മദ്ദൂരിൽ കോൺഗ്രസിലെ എംഎം ഗൗഡയ്‌ക്കെതിരെ പരാജയപ്പെട്ടു. 1968ൽ സിറ്റിംഗ് എംപി മരിച്ചപ്പോൾ മാണ്ഡ്യ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തി ദേശീയ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിച്ചു.
1968-ലെ ഉപതെരഞ്ഞെടുപ്പിന് ശേഷം മാണ്ഡ്യ മണ്ഡലത്തിൽ നിന്ന് മൂന്ന് തവണ എംപിയായി തിരഞ്ഞെടുക്കപ്പെട്ടു. 1971ലും 1980ലും കോൺഗ്രസ് സ്ഥാനാർത്ഥിയായി അദ്ദേഹം വിജയിച്ചു. 1971 മുതൽ 2014 വരെ വിവിധ സമയങ്ങളിൽ ലോക്‌സഭയിലും രാജ്യസഭയിലും അംഗമായിരുന്നു.
1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക നിയമസഭയുടെ സ്പീക്കറായും പ്രവർത്തിച്ചു.
1999 മുതൽ 2004 വരെ കർണാടകയുടെ 16-ാമത് മുഖ്യമന്ത്രിയായിരുന്നു എസ്എം കൃഷ്ണ. 1999-ൽ കെ.പി.സി.സി പ്രസിഡൻ്റായ അദ്ദേഹം അതേ വർഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയെ വിജയത്തിലേക്ക് നയിച്ചു. ആ അവസരത്തിൽ എസ്.എം.കൃഷ്ണ നടത്തിയ പാഞ്ചജന്യ യാത്രയാണ് കർണാടക രാഷ്‌ട്രീയത്തിൽ കോൺഗ്രസിന് ശക്തിപകർന്നത്.
2004 ഡിസംബറിൽ മഹാരാഷ്‌ട്ര ഗവർണറായി നിയമിതനായ കൃഷ്ണ, 2008 മാർച്ച് 5 ന് മഹാരാഷ്‌ട്ര ഗവർണർ സ്ഥാനത്ത് നിന്ന് രാജിവച്ചു. പിന്നീട് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2009 മെയ് 22 ന് അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മന്ത്രിസഭയിൽ വിദേശകാര്യ മന്ത്രിയായി.
2017 ൽ എസ് എം കൃഷ്ണ ബിജെപിയിൽ ചേർന്നു. 2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്‌ക്ക് വേണ്ടിയാണ് അദ്ദേഹം അവസാനമായി പരസ്യപ്രചാരണം നടത്തിയത്. പിന്നീട് എസ്എം കൃഷ്ണ സജീവ രാഷ്‌ട്രീയത്തിൽ നിന്ന് പിന്മാറി.
മൈസൂർ മഹാരാജ കോളേജിൽ നിന്ന് ബിരുദം നേടിയ ശേഷം ബാംഗ്ലൂരിലെ ഗവൺമെൻ്റ് ലോ കോളേജിൽ പഠിച്ചു. പിന്നീട്, അമേരിക്കയിലെ ടെക്സസ് സംസ്ഥാനത്തുള്ള സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ പഠിച്ചു. വാഷിംഗ്ടണിലെ ജോർജ്ജ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എസ് എം കൃഷ്ണയ്‌ക്ക് ഫുൾബ്രൈറ്റ് സ്‌കോളർഷിപ്പ് ലഭിച്ചിരുന്നു.















