കോഴിക്കോട്: ആംഗ്യ ഭാഷയിൽ ‘സാരെ ജഹാൻ സെ അച്ഛ’ അവതരിപ്പിച്ച് ഏഷ്യൻ റെക്കോർഡ് നേടി ദിവ്യാംഗരും സ്‍റ്റുഡൻറ് പൊലീസ് കേഡറ്റുകളും. രാജ്യന്തര ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി കോഴിക്കോടാണ് പരിപാടി നടന്നത്. മൂവായിരത്തിലധികം പേരാണ് പുത്തൻ അവതരണമൊരുക്കിയത്.
കോഴിക്കോട് സിറ്റി പൊലീസും ദിവ്യാംഗർക്കുള്ള സംയോജിത പ്രാദേശിക കേന്ദ്രവും കോഴിക്കോട് സിറ്റി സ്റ്റുഡൻ്റ് പൊലീസ് കേഡറ്റ് അംഗങ്ങളും സംയുക്തമായാണ് അവതരണം നടത്തിയത്. മാനഞ്ചിറ സ്ക്വയറിലായിരുന്നു പരിപാടിയിൽ ജില്ലയിലെ 36 സ്കൂളുകളിൽ നിന്നുള്ള എസ്പിസി കുട്ടികൾ പങ്കെടുത്തു. വിവിധ സ്ഥാപനങ്ങളിലെ കേൾവിക്കുറവുള്ളവരും പങ്കെടുത്തു. സർക്കാരിന്റെ പൊതുനിർമിതികൾ ഭിന്നശേഷി സൗഹൃദമായിരിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു.















