തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ദിവ്യാംഗനായ വിദ്യാർത്ഥിയെ എസ്എഫ്‌ഐ യൂണിറ്റ് ഓഫീസിൽ ബന്ദിയാക്കി ആക്രമിച്ച സംഭവത്തിൽ ഒടുവിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ വകുപ്പ്. ആക്രമണം നടന്ന് ഏഴാം നാളാണ് മന്ത്രി ആർ ബിന്ദു ഇത് സംബന്ധിച്ചുള്ള നിർദേശം നൽകിയത്. കോളേജ് ഉന്നത വിദ്യാഭ്യാസ ഡയറക്ടർ പി സുധീറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ ദിവസം റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണം നടത്താൻ തയ്യാറാകാത്തതിനെതിരെ വിദ്യാർത്ഥി സംഘടനകൾ അടക്കം പ്രതിഷേധവുമായി രംഗത്തെത്തിയതിന് പിന്നാലെയാണ് വകുപ്പ് തല അന്വേഷണത്തിന് നിർദേശം നൽകിയത്.
കേസിൽ എസ്എഫ്‌ഐ നേതാക്കളായ നാല് പ്രതികളെ പിടികൂടാൻ പൊലീസിനും സാധിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥന്റെ മകൻ കേസിൽ പ്രതിയായതിനാൽ അന്വേഷണം ഇഴഞ്ഞാണ് നീങ്ങുന്നതെന്ന വിമർശനവും ശക്തമായിട്ടുണ്ട്. പ്രതികളുടെ വീടുകളിലെത്തിയ പൊലീസ് ഇവരോട് കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു, എന്നാൽ അതിന് ശേഷം മറ്റൊരു രീതിയിലും അന്വേഷണം മുന്നോട്ട് പോയിട്ടില്ല.
ഇതിനിടെ പരാതിക്കാരനായ വിദ്യാർത്ഥിയുടെ മൊഴിയെടുത്തെങ്കിലും കോളേജ് അച്ചടക്കസമിതി പ്രിൻസിപ്പലിന് റിപ്പോർട്ട് കൈമാറിയിട്ടില്ല. പ്രതികളുടെ വിശദീകരണം ലഭിക്കാത്തതാണ് റിപ്പോർട്ട് കൈമാറുന്നതിന് താമസം വരുന്നതിന് കാരണമെന്നാണ് സമിതി ചെയർമാന്റെ വിശദീകരണം. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പെരുങ്കുളം മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനാണ് എസ്എഫ്‌ഐ നേതാക്കളുടെ മർദ്ദനമേറ്റത്. ആക്രമണം തടയാൻ ശ്രമിച്ച സുഹൃത്ത് അഫ്‌സലിനേയും ഇവർ ആക്രമിച്ചിരുന്നു. അനസിന്റെ സ്വാധീനക്കുറവുള്ള കാലിൽ ചവിട്ടിയ പ്രതികൾ ഇരുമ്പുകമ്പി ഉപയോഗിച്ച് തലയ്‌ക്കടിക്കുകയും ചെയ്തിരുന്നു.















