ഫഗ്വാര ; പഞ്ചാബിലെ ഗോശാലയിൽ വിഷം കലർത്തിയ കാലിത്തീറ്റ കഴിച്ച് 22 കന്നുകാലികൾ ചത്തു. ഫഗ്വാരയിലെ ശ്രീകൃഷ്ണ ഗോശാലയിലെ പശുക്കളാണ് കഴിഞ്ഞ ദിവസം ചത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെ പശുക്കൾക്ക് വായിൽ നിന്ന് നുര വന്ന് വീഴാൻ തുടങ്ങിയിരുന്നു. ഗോശാല അധികൃതർ ഉടൻ തന്നെ മൃഗഡോക്ടർമാരെ വിളിച്ചുവരുത്തി, വാർത്ത പരന്നതോടെ നിരവധി സന്നദ്ധപ്രവർത്തകരും സംഭവസ്ഥലത്തെത്തി.
“ഞായറാഴ്ച രാത്രി 7.30 ഓടെ ഗോശാലയിലെ തൊഴിലാളികൾ ഒരു പശുവിന്റെ വായിൽ നിന്ന് നുരയും പതയും വരുന്നത് ശ്രദ്ധിച്ചു. അതിനെ ശ്രദ്ധിക്കുന്നതിനിടെ മറ്റ് പശുക്കളിലും രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങി. ചികിത്സിക്കാൻ മൃഗഡോക്ടർമാർ എത്തിയെങ്കിലും 18 പശുക്കൾ രാത്രിയിൽ തന്നെ ചത്തു . നാലെണ്ണത്തിനെ ഇന്ന് രാവിലെ നഷ്ടമായി ” ഗോശാല അധികൃതരിലൊരാളായ രാകേഷ് ഗോസൈൻ പറഞ്ഞു.
ഹോഷിയാർപൂർ എംപി ഡോ രാജ് കുമാർ, മുൻ എംപിമാരായ സോം പ്രകാശ്, വിജയ് സാംപ്ല, എംഎൽഎ ബൽവീന്ദർ സിംഗ് ധലിവാൾ, മുൻ എംഎൽഎ ജോഗീന്ദർ സിംഗ് മാൻ എന്നിവരുൾപ്പെടെയുള്ള രാഷ്‌ട്രീയ നേതാക്കൾ ഗോശാല സന്ദർശിച്ചു. കപൂർത്തല ഡെപ്യൂട്ടി കമ്മീഷണർ അമിത് കുമാർ പഞ്ചാൽ, എസ്എസ്പി ഗൗരവ് തുറ എന്നിവരും ഗോശാലയിലെത്തി. വിഷംകലർന്ന കാലിത്തീറ്റ ഉള്ളിൽച്ചെന്നതാണ് മരണകാരണമെന്നാണ് പ്രാഥമിക സൂചന.സാമൂഹ്യവിരുദ്ധരാകും സംഭവത്തിന് പിന്നിലെന്ന് രാകേഷ് ഗോസൈൻ പറഞ്ഞു.
കന്നുകാലികളുടെ ശരീരങ്ങൾ ഗുരു അംഗദ് ദേവ് വെറ്ററിനറി ആൻഡ് അനിമൽ സയൻസസ് യൂണിവേഴ്‌സിറ്റി ലുധിയാനയിലേക്ക് അയച്ചതായി ഫഗ്വാര എസ്ഡിഎം ജഷൻദീപ് സിംഗ് പറഞ്ഞു.















