വിവാഹമാമാങ്കത്തിന്റെ ആഘോഷത്തിലാണ് രാജസ്ഥാനിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഉദയ്പൂർ . അദാനി ഗ്രൂപ്പ് ചെയർമാനും വ്യവസായിയുമായ ഗൗതം അദാനിയുടെ മകൻ ജീത് അദാനിയുടെ വിവാഹത്തിന് മുമ്പുള്ള ചടങ്ങുകളാണ് ഉദയ്പൂരിൽ നടക്കുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായിക്കഴിഞ്ഞു, ഡിസംബർ 10, 11 തീയതികളിൽ ജീത് അദാനിയുടെ പ്രീ-വെഡ്ഡിംഗ് ചടങ്ങുകൾ നടക്കും.
വജ്ര, ജ്വല്ലറി വ്യവസായി ജയ്മിൻ ഷായുടെ മകൾ ദിവ ജയ്മിൻ ഷായുമായുള്ള ജീത് അദാനിയുടെ വിവാഹ നിശ്ചയം കഴിഞ്ഞ വർഷം മാർച്ച് 12 ന് അഹമ്മദാബാദിലാണ് നടന്നത് . നിരവധി വ്യവസായികളും രാഷ്‌ട്രീയ നേതാക്കളും ചലച്ചിത്ര താരങ്ങളും പ്രീ-വെഡ്ഡിംഗ് ചടങ്ങുകളിൽ പങ്കെടുക്കാനെത്തും .
ജീത് അദാനിയുടെയും ദിവ ജയ്മീൻ ഷായുടെയും വിവാഹത്തിനായി മൂന്ന് ആഡംബര പഞ്ചനക്ഷത്ര ഹോട്ടലുകൾ ബുക്ക് ചെയ്തിട്ടുണ്ട്. താജ് ലേക്ക് പാലസ്, ലീല പാലസ്, ഉദയ് വിലാസ് എന്നീ മൂന്ന് ഹോട്ടലുകൾ പൂർണ്ണമായി അതിഥികൾക്കായി നീക്കി വച്ചിരിക്കുകയാണ്.
100 മുറികളുള്ള ഉദയ് വിലാസ് ഹോട്ടലിലാണ് വിവാഹ ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. ഈ ഹോട്ടലിന് പ്രതിദിനം 10 ലക്ഷമാണ് വാടക.വിവാഹത്തിനെത്തുന്ന അതിഥികൾക്ക് താജ് ലേക്ക് പാലസിലും ലീല പാലസ് ഹോട്ടലിലും താമസിക്കാൻ ക്രമീകരണം ചെയ്തിട്ടുണ്ട്, ഈ ഹോട്ടലിൽ ഒരു മുറിക്ക് പ്രതിദിനം 75,000 മുതൽ 3.5 ലക്ഷം രൂപ വരെയാണ് വാടക.