നൂറ് എയർബസ് വിമാനങ്ങൾ കൂടി വാങ്ങാൻ എയർ ഇന്ത്യ തയ്യാറെടുക്കുന്നു. നാരോബോഡി A320 വിഭാഗത്തിൽപ്പെട്ട 90 എയർക്രാഫ്റ്റുകളും 10 വൈഡ്ബോഡി A350 വിമാനങ്ങളുമാണ് വാങ്ങുന്നത്. ഡിസംബർ 9 ന് വിമാനങ്ങൾക്ക് ഓർഡർ നൽകിയതായി ടാറ്റ ഗ്രൂപ്പ് അറിയിച്ചു. സുഖകരമായ ദീര്‍ഘദൂര-അന്താരാഷ്‌ട്ര യാത്രകൾക്കാണ് A350 വിമാനങ്ങള്‍ ഉപയോഗിക്കുക. A320 കുടുംബത്തിലെ വിമാനങ്ങള്‍ പ്രധാനമായും ആഭ്യന്തര-ഹ്രസ്വദൂര യാത്രയ്‌ക്കാണ് നിയോഗിക്കുക.
ടാറ്റ ഗ്രൂപ്പ് സാരഥ്യം ഏറ്റെടുത്ത ശേഷം എയർ ഇന്ത്യ നവീകരണത്തിന്റ പാതയിലാണ്. അടുത്ത വർഷത്തോടെ വിമാനങ്ങളുടെ എണ്ണം ഉയർത്താനും സർവീസുകൾ കൂടുതൽ കാര്യക്ഷമമാക്കാനുമാണ് കമ്പനി തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വർഷം എയർബസിനും ബോയിങ്ങിനുമായി 470 പുതിയ വിമാനങ്ങൾക്ക് എയർ ഇന്ത്യ ഓർഡർ നൽകിയിരുന്നു. A350 വിഭാഗത്തിൽപ്പെട്ട 40 വിമാനങ്ങളും A320 കുടുംബത്തില്‍ പ്പെട്ട 210 വിമാനങ്ങളും ഉള്‍പ്പെടെ എയര്‍ബസിൽ നിന്ന് മാത്രം 250 വിമാനങ്ങളാണ് അന്ന് ഓര്‍ഡര്‍ ചെയ്തത്. 59 ലക്ഷം കോടി രൂപയാണ് കമ്പനി ഇതിനായി മാറ്റിവെച്ചത്. പുതിയ ഓര്‍ഡര്‍ കൂടെ ചേര്‍ക്കുന്നതോടെ എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്ത ആകെ എയര്‍ബസ് വിമാനങ്ങളുടെ എണ്ണം 350 ആയി ഉയർന്നു.
1932-ൽ ജെആർഡി ടാറ്റയാണ് എയർ ഇന്ത്യയ്‌ക്ക് തുടക്കമിട്ടത്. സ്വാതന്ത്രാനന്തരം 1953-ൽ കമ്പനി ദേശസാത്കരിച്ചു. 2022 ലാണ് ടാറ്റാ ഗ്രൂപ്പിന് കീഴിൽ വീണ്ടും എയർ ഇന്ത്യ എത്തിയത്. ടാറ്റാ ഗ്രൂപ്പിന് കീഴിൽ നിരവധി മാറ്റങ്ങൾക്കാണ് കമ്പനി തയ്യാറെടുക്കുന്നത്. കമ്പനിയുടെ പ്രവർത്തനം ശക്തിപ്പെടുത്താൻ നാല് ലക്ഷം ബില്യൺ ഡോളർ ടാറ്റാ ഗ്രൂപ്പ് മാറ്റിവെച്ചിരുന്നു.















