നാലര പതിറ്റാണ്ട് മുൻപ് ഏകാദശി നാളിൽ വിട വാങ്ങിയ ഗജരാജൻ കേശവന് ഗുരുവായൂരിൽ അനുസ്‍മരണം. ദശമി ദിനത്തിലാണ് അനുസ്മരണം നടക്കുന്നത്. 1976 ഡിസംബർ രണ്ടിന് ഏകാദശി നാളിലായിരുന്നു കേശവൻ വിടവാങ്ങിയത്. ഇന്നും ഏകാദശിയോടനുബന്ധിച്ച് ഗുരുവായൂർ കേശവന് അനുസ്മരിക്കുന്നു.
തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിൽ അഞ്ച് ആനകളാണ് പങ്കെടുത്തത്. ഹൈക്കോടതിയുടെ ഉത്തരവ് പാലിച്ചാണ് എണ്ണം പരിമിതപ്പെടുത്തിയത്. കേശവന്റെ ചിത്രം വഹിച്ച് ഇന്ദ്രസെനും ഗുരുവായൂരപ്പന്റെ ചിത്രവുമായി വിഷ്ണുവും മുന്നിൽ നിന്നു. രവികൃഷ്ണൻ, ബലറാം, ശ്രീധരൻ എന്നീ കൊമ്പന്മാർ അനുഗമിച്ചു. ശ്രീവത്സം അങ്കണത്തിലെ ഗജരാജ പ്രതിമയിൽ ചടങ്ങ് നടക്കുന്ന സമയത്ത് അഭിമുഖമായി റോഡിൽ അഞ്ച് ആനകളെ കൂടി നിർത്തി. ദേവസ്വം ഭാരവാഹികൾ ഗുരുവായൂർ കേശവന്റെ പ്രതിമയ്‌ക്ക് മുൻപിൽ പുഷ്പചക്രം സമർപ്പിച്ചു.
ഭക്തിസാന്ദ്രമായ കാഴ്ചയ്‌ക്കാണ് സാക്ഷ്യം വഹിച്ചത്. നിരവധി പേരാണ് ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. 15-ലേറെ ആനകൾ തിരുവെങ്കിടത്ത് നിന്ന് ഘോഷയാത്രയായി എത്തി ക്ഷേത്രകക്കുളം വലം വച്ച് അനുസ്മരണ ചടങ്ങിൽ പങ്കെടുക്കുന്നതായിരുന്നു കാലങ്ങളായുള്ള പതിവ്. എന്നാൽ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചടങ്ങുകളെല്ലാം പരിമിതപ്പെടുത്തി.















