പാർസലുകൾ ഇനി ശരവേഗത്തിലെത്തും. പാർസൽ സർവീസുകൾ ആരംഭിക്കാൻ ഇന്ത്യൻ റെയിൽവേ പദ്ധതിയിടുന്നുവെന്ന വാർത്തയാണ് പുറത്തുവരുന്നത്. വസ്ത്രങ്ങൾ, മൊബൈൽ ഫോണുകൾ മറ്റ് ഭാരം കുറഞ്ഞ ചരക്കുകളും വിലപ്പിടിപ്പുള്ളതുമായ ചരക്കുകളാകും വന്ദേഭാരത് വഴി എത്തിച്ച് നൽകുകയെന്നാണ് വിവരം. വിലയേറിയ റോസാപുഷ്പങ്ങൾ, ഓർക്കിഡുകൾ പോലുള്ള പുഷ്പങ്ങൾ വരെ വന്ദേ ഭാരതിൽ പറന്നെത്തും.
സാധാരണ ട്രെയിനുകളിലേത് പോലെ തന്നെയാകും വന്ദേ ഭാരതിലെ പാർസൽ സർവീസും. പാർസൽ സർവീസിനായി പ്രത്യേകം നിർമിച്ച കോച്ചുകളുണ്ടാകും. ഇതിന്റെ നിർമാണം പുരോഗമിക്കുകതയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ചെന്നൈയിലെ ഇൻ്റഗ്രേറ്റഡ് കോച്ച് ഫാക്ടറിയിലും മറ്റിടങ്ങളിലുമായി ഇതിന്റെ പ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡൽഹി-മുംബൈ പോലുള്ള തിരക്കേറിയ റൂട്ടുകളിലും 12-24 മണിക്കൂർ കൊണ്ട് ഓടിയെത്താൻ സാധിക്കുന്ന നഗരങ്ങൾ ബന്ധിപ്പിച്ചാകും ആദ്യഘട്ടത്തിൽ സർവീസ് ആരംഭിക്കുക. ഘട്ടംഘട്ടമായി പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും. വന്ദേഭാരത് പാഴ്സൽ എക്സ്പ്രസ് ട്രെയിനിന് 16 കോച്ചുകളുണ്ടാകും.















