കാണാൻ തന്നെ അഴകേറിയ പച്ചക്കറിയാണ് ബീറ്റ്റൂട്ട്. 100 ഗ്രാം വേവിച്ച ബീറ്റ്റൂട്ടിൽ 44 കലോറി, 1.7 ഗ്രാം പ്രോട്ടീൻ, 0.2 ഗ്രാം കൊഴുപ്പ്, രണ്ട് ഗ്രാം ഫൈബർ എന്നിവ അടങ്ങിയിരിക്കുന്നു. പതിവായി ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യുമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. എന്നാൽ എല്ലാദിവസവും തോരനായോ ജ്യൂസായോ പച്ചടിയായോ ഒക്കെ ബീറ്റ്റൂട്ട് കഴിക്കാൻ മടിയുണ്ടെങ്കിൽ ഇനി അച്ചാറായി പരീക്ഷിക്കാം… മാസങ്ങളോളം കേടുകൂടാതെ സൂക്ഷിക്കുകയും ചെയ്യാം.. കിടിലൻ റെസിപ്പി ഇതാ..
ചേരുവകൾ
- ബീറ്ററൂട്ട്-രണ്ടെണ്ണം
- നല്ലെണ്ണ- കാൽ കപ്പ്
- കടുക്
- ഇഞ്ചി- ചെറുതായി അരിഞ്ഞത് രണ്ട് സ്പൂൺ
- വെളുത്തുള്ളി- ചെറുതായി അരിഞ്ഞത് രണ്ട് സ്പൂൺ
- കാന്താരി- ആവശ്യത്തിന്
- കറിവേപ്പില – ആവശ്യത്തിന്
- മഞ്ഞൾപ്പൊടി- ഒരു ടീസ്പൂൺ
- മുളകുപ്പൊടി-രണ്ട് ടേബിൾ സ്പൂൺ
- കായംപ്പൊടി- ഒരു ടേബിൾ സ്പൂൺ
- വിനാഗിരി- ആവശ്യത്തിന്
- ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കേണ്ട വിധം
ബീറ്റ്റൂട്ട് തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞെടുക്കുക. നല്ലെണ്ണയിൽ ഇത് വറുത്ത് കോരിയെടുക്കുക. ഇതേ എണ്ണയിൽ കടുക് പൊട്ടിച്ച് ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റിയെടുക്കുക. ഇതിലേക്ക് പൊടികൾ ചേർത്ത് മൂപ്പിപ്പിക്കുക. പച്ചമണം മാറുമ്പോൾ വിനാഗിരിയും ഉപ്പും ചേർത്ത് തിളപ്പിക്കുക. ശേഷം വറുത്ത് വച്ചിരിക്കുന്ന ബീറ്റ്റൂട്ട് ചേർത്തിളക്കുക. സ്വാദിഷ്ടമായ ബീറ്റ്റൂട്ട് അച്ചാർ തയ്യാർ.















