ന്യൂഡൽഹി: കശുവണ്ടി ഇറക്കുമതി അഴിമതി കേസിൽ ഐഎൻടിയുസി സംസ്ഥാന പ്രസിഡൻ്റും കോൺഗ്രസ് നേതാവുമായ ആർ. ചന്ദ്രശേഖറിന് സുപ്രീംകോടതിയുടെ പ്രഹരം. അഴിമതിക്കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. കേസിൽ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സംസ്ഥാന സർക്കാരിനും സുപ്രീംകോടതിയിൽ തിരിച്ചടി നേരിട്ടു. പ്രോസിക്യൂഷന്റെ അനുമതി ആവശ്യമില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ സിബിഐ അന്വേഷണത്തിന് ഇനി തടസങ്ങളില്ല.
കശുവണ്ടി വികസന കോര്‍പ്പറേഷന്‍ മുന്‍ ചെയര്‍മാനും INTUC പ്രസിഡന്‍റുമായ ആര്‍. ചന്ദ്രശേഖരനും മുന്‍ എം.ഡി കെ.എ രതീഷും നൽകിയ ഹര്‍ജിയാണ് സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസിൽ പ്രോസിക്യുഷൻ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കി. അതിനാൽ സുപ്രീംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ട് പോകാൻ സിബിഐക്ക് ഇനി തടസങ്ങൾ ഇല്ല.
ചന്ദ്രശേഖരനും രതീഷും ഔദ്യോഗിക പദവിയിലിരുന്നപ്പോൾ നടന്ന ഇടപാടുകളാണെന്നും അതിൽ ക്രമക്കേടുണ്ടെന്നു തെളിയിക്കാൻ ആവശ്യമായ രേഖകൾ സിബിഐ സമർപ്പിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി ഇടതു സർക്കാർ പ്രോസിക്യൂഷൻ നടപടികൾ നിഷേധിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതോടെ പ്രോസിക്യൂഷൻ അനുമതി നിഷേധിച്ചുള്ള സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വസ്തുതകൾ പരിശോധിക്കാതെയാണ് സംസ്ഥാന സർക്കാരിന്റെ തീരുമാനമെന്ന് ചൂണ്ടിക്കാട്ടി സിബിഐക്ക് കേസ് അന്വേഷണവുമായി മുന്നോട്ട് പോകാൻ ഹൈക്കോടതി അനുമതി നൽകി. ഇതിനെതിരെ ചന്ദ്രശേഖരനും രതീഷും സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് തിരിച്ചടി നേരിട്ടത്.
2005 മുതൽ 2015 വരെ കശുവണ്ടി വികസന കോർപറേഷൻ എംഡി ആയിരുന്ന രതീഷ്, 2012 മുതൽ 2015 വരെ ചെയർമാനുമായിരുന്ന ചന്ദ്രശേഖരനും മറ്റ് പ്രതികളും ചേർന്ന് ഗൂഢാലോചന നടത്തി ചട്ടങ്ങൾ ലംഘിച്ച് കശുവണ്ടി ഇറക്കുമതി ചെയ്തതു വഴി കോർപ്പറേഷനു കോടിക്കണക്കിനു രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ.