ന്യൂഡൽഹി: ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അദ്ദേഹം എത്തുന്നത്. ഡിസംബർ 15 ന് അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് വിവരം.
സന്ദർശന വേളയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയായും രാഷ്‌ട്രപതി ദ്രൗപദി മുർമുവുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. ശ്രീലങ്കൻ വിദേശകാര്യ മന്ത്രി വിജിത ഹെറാത്ത്, ധനകാര്യ സഹമന്ത്രി അനിൽ ജയന്ത ഫെർണാണ്ടോ എന്നിവരും ദിസനാകെയ്‌ക്കൊപ്പം ഇന്ത്യയിലെത്തും. ശ്രീലങ്കൻ പ്രസിഡന്റായി അധികാരത്തിലേറിയ ശേഷമുള്ള ദിസനായകെയുടെ ആദ്യ ഇന്ത്യാ സന്ദർശനമാണിത്.
അനുര ദിസനായകെ അധികാരമേറ്റതിന് പിന്നാലെ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ശ്രീലങ്കയിൽ വച്ച് അനുര ദിസനായകെയുമായി കൂടിക്കാഴ്ച നടത്തുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ശ്രീലങ്കൻ പ്രസിഡന്റിന്റെ ഇന്ത്യാ സന്ദർശനം.
ദിസനായകയുടെ നേതൃത്വത്തിലുള്ള സർക്കാർ സെപ്തംബർ 23 നാണ് അധികാരത്തിലേറിയത്. ഇതിന് ശേഷം ശ്രീലങ്ക സന്ദർശിച്ച ഇന്ത്യയിലെ മുതിർന്ന പ്രതിനിധിയായിരുന്നു വിദേശകാര്യമന്ത്രി എസ് ജയശങ്കർ. അദ്ദേഹത്തിന്റെയും മോദിസർക്കാരിന്റെയും പ്രത്യേക ക്ഷണപ്രകാരമാണ് ശ്രീലങ്കൻ പ്രസിഡന്റ് ന്യൂഡൽഹിയിലെത്തുന്നതെന്ന് ശ്രീലങ്കൻ സർക്കാർ വക്താവ് നളിന്ദ ജയദിസ്സ അറിയിച്ചു.















