വിശാഖപട്ടണം: ഗഗൻയാൻ ദൗത്യത്തിന് (Gaganyaan Mission) മുന്നോടിയായി നടത്തിയ “വെൽ ഡെക്ക്“ പരീക്ഷണം വിജയകരം. ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനും (ഇസ്രോ-ISRO) ഇന്ത്യൻ നാവികസേനയും (Indian Navy) സംയുക്തമായി വിശാഖപട്ടണം തീരത്തായിരുന്നു പരീക്ഷണം നടത്തിയത്.
ഗഗൻയാൻ ദൗത്യത്തിനായി ബഹിരാകാശയാത്രികരെ ഭൂമിയിൽ നിന്ന് അയച്ചതിന് ശേഷം ദൗത്യം പൂർത്തിയാകുമ്പോൾ അവരെ തിരികെ കൊണ്ടുവരാൻ ഉപയോഗിക്കുന്ന സ്പേസ് ക്യാപ്സ്യൂൾ സമുദ്രത്തിലാണ് പതിക്കുക. കടലിൽ വീഴുന്ന ഈ ക്രൂ മൊഡ്യൂളിനെ സുരക്ഷിതമായി വീണ്ടെടുക്കുന്നതിന്റെ പരീക്ഷണമാണ് ഇസ്രോയും നാവികസേനയും ചേർന്ന് നടത്തിയത്. കിഴക്കൻ നേവൽ കമാൻഡിന്റെ വെൽ-ഡെക്ക് ഷിപ്പിലൂടെയായിരുന്നു പരീക്ഷണം.
Indian Navy and ISRO carried out Well-deck recovery trials of Crew Module for Gaganyaan mission on December 06, 2024. The trials were carried out at Eastern Naval Command using welldeck ship off the coast of Vishakhapatnam.
For more information Visithttps://t.co/tlqud9BJ36 pic.twitter.com/lweyx53rO0— ISRO (@isro) December 10, 2024
എന്താണ് “വെൽ ഡെക്ക്“ രീതി
കടലിൽ പതിച്ച/മുങ്ങിപ്പോയ ബോട്ടുകളും എയർക്രാഫ്റ്റുകളും സുരക്ഷിതമായി വീണ്ടെടുക്കുന്നതിന് ഉപയോഗിക്കുന്ന രീതിയാണ് വെൽ ഡെക്ക് മെത്തേഡ്. ഇതിനായി കപ്പലിന്റെ ഡെക്കിൽ വെള്ളം നിറയ്‌ക്കും. അതുവഴിയാണ് കടലിൽ മുങ്ങിപ്പോയ ക്രൂ മൊഡ്യൂൾ അല്ലെങ്കിൽ ബോട്ട് കപ്പലിലേക്ക് വീണ്ടെടുക്കുക. ഗഗൻയാൻ ദൗത്യത്തിന്റെ അന്തിമഘട്ടത്തിൽ, ക്രൂ മൊഡ്യൂൾ കടലിൽ വീഴുമ്പോൾ, അതിനുള്ളിലുള്ള മനുഷ്യരെ അതിവേഗം സുരക്ഷിതമായി വീണ്ടെടുക്കേണ്ടത് അത്യാവശ്യമാണ്. ഇതിന് വെൽ ഡെക്ക് രീതി സഹായിക്കും.
യഥാർത്ഥ ക്രൂ മൊഡ്യൂളിന്റെ വലിപ്പത്തിലും രൂപത്തിലും തൂക്കത്തിലുമുള്ള വസ്തു തന്നെയാണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. കടലിൽ എത്തുന്ന ക്യാപ്സൂൾ ചെറിയ ബോട്ടിൽ കെട്ടിവലിച്ച് ചുരുങ്ങിയ സമയത്തിനുള്ളിൽ കപ്പലിലെ ഡെക്കിൽ എത്തിച്ച് പരീക്ഷണം നടത്തി.
ദൗത്യത്തിന്റെ അന്തിമഘട്ടത്തിൽ ചെയ്യേണ്ടതായുള്ള വിവിധ കാര്യങ്ങൾ നേവിയും ഇസ്രോയും ചേർന്ന് ട്രയൽ നടത്തി. മൊഡ്യൂൾ കണ്ടെത്തുക, അത് വലിച്ചെടുക്കുക, ഡെക്കിലേക്ക് എത്തിക്കുക, ശേഷം ഡെക്കിൽ നിന്ന് വെള്ളം വറ്റിക്കുക തുടങ്ങിയ കാര്യങ്ങൾ ഇസ്രോ പരീക്ഷിച്ച് ഉറപ്പുവരുത്തി.
മനുഷ്യനെ വഹിക്കുന്ന ക്രൂ മൊഡ്യൂൾ ഭൂമിയുടെ ഭ്രമണപഥത്തിൽ എത്തിച്ച് മൂന്ന് ദിവസത്തിന് ശേഷം ഭൗമോപരിതലത്തിലേക്ക് തിരികെ കൊണ്ടുവരുന്ന ദൗത്യമാണ് ഗഗൻയാൻ. ഭാരതീയനെ ബഹിരാകാശത്ത് എത്തിച്ച് മടക്കികൊണ്ടുവരുന്ന ഗഗൻയാൻ ദൗത്യം ഇന്ത്യയുടെയും ഇസ്രോയുടേയും അഭിമാന പദ്ധതിയാണ്.















