എറണാകുളം: കൊച്ചി തീരത്ത് 200 കിലോ ഹെറോയ്ൻ പിടികൂടിയ കേസിൽ അറസ്റ്റിലായ ഇറാനിയൻ പൗരന്മാർക്ക് 12 വർഷം തടവ് ശിക്ഷ. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ലാണ് ആറ് ഇറാനിയൻ പൗരന്മാർ പിടിയിലായത്.
നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ കേരളതീരത്തിന് പുറത്തുവെച്ച് പിടികൂടിയ പ്രധാന ലഹരിമരുന്ന് വേട്ടകളിൽ ഒന്നായിരുന്നു ഇത്. രാജ്യാന്തരമാർക്കറ്റിൽ 2500 കോടിയോളം രൂപ വിലവരുന്ന 200 കിലോ ഹെറോയിനാണ് ഇറാനിയൻ പൗരന്മാരിൽ നിന്നും കണ്ടെടുത്തത്. ശ്രീലങ്കൻ സംഘത്തിന് കൈമാറുന്നതിനായി ലക്ഷദ്വീപ് ഭാഗത്തേക്ക് പോവുകയായിരുന്ന ബോട്ടാണ് പിടികൂടിയത്. കോസ്റ്റ് ഗാർഡും എൻസിബിയും അടങ്ങിയ സംഘം പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഈ കേസിലാണ് ഇപ്പോൾ എറണാകുളം സെഷൻസ് കോടതിയുടെ വിധി വന്നിരിക്കുന്നത്. ബോട്ടിലുണ്ടായിരുന്ന ആറ് ഇറാനിയൻ പൗരന്മാരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. രാജ്യത്തിന്റെ അതിർത്തികടന്ന് പ്രതികൾ ലഹരിക്കടത്ത് നടത്തുകയായിരുന്നുവെന്ന എൻസിബിയുടെ കണ്ടെത്തൽ ശരിവെച്ച കോടതി പ്രതികൾക്ക് 12 വർഷത്തെ തടവ് ശിക്ഷ വിധിച്ചു.















