” പുതുവത്സരത്തിൽ ചീത്ത ശീലങ്ങൾ ഒഴിവാക്കി പുതിയ മനുഷ്യനാകും.” എല്ലാ തവണയും സ്വയം പറയാറുള്ളതോ മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളതോവായ സ്ഥിരം ഡയലോഗായിരിക്കുമിത്. ഇത്തവണയും ജീവിതശൈലി ഒന്ന് മാറ്റിപിടിക്കണമെന്ന് അതിയായി ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ പുതുവർഷം പുതുമയോടെ തുടങ്ങാം.. ഇക്കാര്യങ്ങൾ ശീലമാക്കിക്കോളൂ..
അതിരാവിലെ എഴുന്നേൽക്കുക
രാവിലെ സുഖമായി മൂടിപുതച്ച് കിടന്നുറങ്ങുന്നത് പൊതുവെ എല്ലാവരും ഇഷ്ടപ്പെടുന്ന കാര്യങ്ങളിലൊന്നാണ്. എന്നാൽ അതിരാവിലെയുള്ള സൂര്യപ്രകാശം ശരീരത്തിലേൽക്കുന്നതിന് മുൻഗുണന നൽകണം. ഒരു ദിവസം മുഴുവനും ഊർജ്ജസ്വലതയോടെ ഇരിക്കാനും ശരീരത്തിനാവശ്യമായ വിറ്റാമിൻ ഡി ലഭിക്കുന്നതിനും ഇത് സഹായിക്കുന്നു. അതിരാവിലെ ശുദ്ധവായു ശ്വസിച്ച് ഒരു ദിവസം ആരംഭിക്കുന്നത് നിങ്ങൾക്ക് പ്രത്യേക അനുഭൂതി നൽകുന്നു.
രാവിലെ ചെറിയ വ്യായാമങ്ങൾ ആകാം..
എഴുന്നേറ്റു കഴിഞ്ഞാൽ ചായയോ കാപ്പിയോ കുടിക്കാനായിരിക്കും ആദ്യം ഓടുന്നത്. എന്നാൽ ഈ ശീലം കുറയ്ക്കാം. കഫീൻ അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അതിരാവിലെ അൽപ ദൂരം നടക്കുന്നതും വ്യായാമങ്ങളിൽ ഏർപ്പെടുന്നതും ഹൃദയാരോഗ്യം വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.
മെഡിറ്റേഷൻ
രാവിലെയുള്ള മെഡിറ്റേഷൻ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിങ്ങളെ സഹായിക്കുന്നു. രക്തചക്രമണം വർദ്ധിപ്പിക്കാനും മെച്ചപ്പെട്ട ഉറക്കം പ്രദാനം ചെയ്യാനും ഇത് സഹായിക്കുന്നു.
ഫാസ്റ്റ് ഫുഡുകൾ മാറ്റി നിർത്താം
രാവിലെ നൂഡിൽസ് പോലുള്ള പാക്കഡ് ഭക്ഷണങ്ങൾ കഴിക്കുന്ന ശീലം വർദ്ധിച്ചു വരികയാണ്. എന്നാൽ ഇവ ഒഴിവാക്കേണ്ട ശീലങ്ങളിലൊന്നാണ്. എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഭക്ഷണമായതിനാലാണ് മിക്ക ആളുകളും ഇത്തരം പാക്കഡ് ഫുഡുകളെ ആശ്രയിക്കുന്നത്. എന്നാൽ ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴിവയ്ക്കുന്നു. അതിനാൽ ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാൻ ശ്രദ്ധിക്കുക. സാലഡുകൾ പോലുള്ളവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
ഉറക്കം
ഉണരുന്നത് പോലെ തന്നെ ഉറങ്ങുന്നതും പ്രാധാന്യം അർഹിക്കുന്ന കാര്യമാണ്. ദിവസവും 7-8 മണിക്കൂർ ഉറങ്ങാൻ ശ്രദ്ധിക്കുക. ഇത് ഒരു ദിവസം മുഴുവനും നിങ്ങൾക്ക് ഉന്മേഷം നൽകുന്നു. രാത്രി സമയങ്ങളിൽ മൊബൈൽ ഫോൺ, കമ്പ്യൂട്ടർ പോലുള്ളവ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഇരുട്ടിലിരുന്ന് ഇവ ഉപയോഗിക്കുന്നതും ഒഴിവാക്കണം.
സമ്മർദ്ദം ആവശ്യമില്ല
നിസാര കാര്യങ്ങൾക്ക് പോലും അമിതമായി ചിന്തിച്ച് സമ്മർദ്ദം കൂട്ടുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ഇത് ആരോഗ്യപ്രശ്നങ്ങളിലേക്ക് വഴി വയ്ക്കുന്നതാണ്. നിങ്ങളുടെ ലക്ഷ്യങ്ങളിലും ആഗ്രഹങ്ങളിലും മാത്രം ശ്രദ്ധചെലുത്തി ജീവിതം സന്തോഷപൂർണമായി ജീവിക്കുക. ഭാവി കാര്യങ്ങളെ കുറിച്ച് ആകുലപ്പെടാതെ ഇന്നത്തേക്കായി ജീവിക്കാൻ പഠിക്കുക.















