മുംബൈ: മഹാരാഷ്‌ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ പൊരുത്തക്കേടുണ്ടെന്ന ഇൻഡി സഖ്യത്തിന്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ കണക്കുകളും വിവിപാറ്റ് സ്ലിപ്പുകളും ( വോട്ടർ-വേരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) തമ്മിൽ പൊരുത്തകേടുകളില്ലെന്ന് ചീഫ് ഇലക്ഷൻ ഓഫീസർ വ്യക്തമാക്കി.
മഹാരാഷ്‌ട്രയിൽ നവംബർ 23നായിരുന്നു വോട്ടെണ്ണൽ. ഓരോ മണ്ഡലത്തിലെയും തെരഞ്ഞെടുത്ത അഞ്ച് പോളിംഗ് സ്‌റ്റേഷനുകളിൽ വിവിപാറ്റ് സ്ലിപ്പുകൾ സ്ഥാനാർത്ഥികൾക്കും നിരീക്ഷകർക്കും പ്രതിനിധികൾക്ക് മുമ്പിൽ എണ്ണിയെന്നും ഇലക്ഷൻ കമ്മീഷൻ പറഞ്ഞു.
തെരഞ്ഞെടുപ്പ് ശരിയായി നടന്നില്ലെങ്കിൽ അത് ഭരണഘടനയുടെ അടിസ്ഥാന ഘടനയെ ബാധിക്കും. അതിനാൽ മഹാരാഷ്‌ട്രയിലെ 288 നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള 1440 വിവിപാറ്റുകളുടെ സ്ലിപ്പ് കൗണ്ട് ബന്ധപ്പെട്ട യൂണിറ്റ് ഡാറ്റയുമായി ഒത്തുനോക്കി ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ക്രമക്കേടുകൾ നടന്നിട്ടില്ലെന്നും ഇലക്ഷൻ കമ്മീഷൻ വ്യക്തമാക്കി.
വോട്ടിംഗിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. മഹാരാഷ്‌ട്രയിലെ തോൽവി അംഗീകരിക്കാൻ പ്രതിപക്ഷം തയ്യാറായിരുന്നില്ല. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇവിഎമ്മിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയത്.