ന്യൂഡൽഹി: രാജ്യവ്യാപക സംരംഭമായ “ഭാരത് യാത്ര” ആരംഭിച്ച് വാട്സ്ആപ്പ്. ചെറുകിട ബിസിനസുകൾ പ്രോത്സാഹിപ്പിക്കുകയും ഇവയ്‌ക്കാവശ്യമായ പരിശീലനം നേരിട്ടെത്തി നൽകുകയുമാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. ഇതിനായി തയ്യാറാക്കിയിട്ടുള്ള മൊബൈൽ ബസ് ഡൽഹി നഗരത്തിൽ നിന്നും യാത്ര ആരംഭിക്കും.
ആദ്യഘട്ടത്തിൽ ലക്ഷ്മി നഗർ, രജൗരി ഗാർഡൻ, നെഹ്‌റു പ്ലേസ് തുടങ്ങിയ തിരക്കേറിയ മാർക്കറ്റുകൾ സന്ദർശിച്ച് വ്യക്തിഗത പരിശീലന സെഷനുകൾ നൽകുമെന്ന് വാട്സ്ആപ്പ് അറിയിച്ചു. ഹരിയാനയിലെ ഗുരുഗ്രാം, ഉത്തർപ്രദേശിലെ നോയിഡ, ആഗ്ര, ലഖ്‌നൗ, മധ്യപ്രദേശിലെ ഇൻഡോർ, ഗുജറാത്തിലെ അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലെ പ്രധാന ബിസിനസ് കേന്ദ്രങ്ങളും മൊബൈൽ ബസ് യാത്രയിൽ ഉൾപ്പെടുത്തും.
ഇന്ററാക്റ്റീവ് ഡെമോകളിലൂടെ, വാട്സ്ആപ്പ് ബിസിനസ് പ്രൊഫൈൽ എങ്ങനെ സജ്ജീകരിക്കാമെന്നും കാറ്റലോഗുകൾ സൃഷ്ടിക്കാമെന്നും വിൽപ്പനയും ഉപഭോക്തൃ ഇടപഴകലും വർദ്ധിപ്പിക്കുന്നതിന് ഫലപ്രദമായ പരസ്യങ്ങൾ എങ്ങനെ സൃഷ്ടിക്കാമെന്നും സംരംഭകർക്ക് പഠിക്കാനാകും. ചെറുകിട ബിസിനസുകൾ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണെന്നും ഡിജിറ്റൽ യുഗത്തിൽ ബിസിനസുകൾ ലാഭകരമാക്കുന്നതിന് ആവശ്യമായ വൈദഗ്ധ്യം നൽകുകയാണ് ‘വാട്സ്ആപ്പ് ഭാരത് യാത്ര’യുടെ ലക്ഷ്യമെന്നും മെറ്റാ ഇന്ത്യയുടെ ബിസിനസ് മെസേജിംഗ് ഡയറക്ടർ രവി ഗാർഗ് പറഞ്ഞു.
വാട്സ്ആപ്പിലെ ചെറുകിട ബിസിനസുകൾക്കായുള്ള പുതിയ അപ്‌ഡേറ്റുകളുടെ ചുവടുപിടിച്ചാണ് ഈ സംരംഭം വരുന്നത്. ഇന്ത്യയുടെ ചെറുകിട ബിസിനസ് സംരംഭങ്ങളെ കൂടുതൽ ശാക്തീകരിക്കുന്നതിനായി മുൻപ് ‘വാട്സ്ആപ്പ് സേ വ്യാപാർ’ പോലുള്ള പ്രോഗ്രാമുകളും വാട്സ്ആപ്പ് പുറത്തിറക്കിയിട്ടുണ്ട്.















