കോഴിക്കോട്: സമസ്തയിൽ ഭിന്നത നിലനിൽക്കെ കേന്ദ്ര മുശാവറ യോഗം ഇന്ന് കോഴിക്കോട് ചേരും. രാവിലെ 10 മണിക്ക് ചേരുന്ന കേന്ദ്ര മുശാവറ യോഗത്തിൽ സമസ്തയിൽ സമീപകാലത്ത് നടന്ന വിവാദങ്ങളെല്ലാം ചർച്ചാവിഷയമാകുമെന്നാണ് വിവരം. സാദിഖലി തങ്ങൾക്കെതിരായ വിവാദ പരാമർശത്തിൽ ഉമർ ഫൈസി മുക്കത്തിനെതിരെ നടപടി വേണമെന്ന ലീഗ് അനുകൂല ചേരിയുടെ ആവശ്യവും, സമസ്ത നേതൃത്വത്തിന് ഉമർ ഫൈസി നൽകിയ വിശദീകരണവും ഇന്ന് പരിശോധിക്കും.
അതേസമയം ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയായി മുസ്ലീം ലീഗ് സംസ്ഥാനം ജനറൽ സെക്രട്ടറി PMA സലം നടത്തിയ അധിക്ഷേപ പരാമർശവും ലീഗ് വിരുദ്ധ പക്ഷം കേന്ദ്ര മുശാവറയിൽ ഉയർത്താനുള്ള സാധ്യതയുമുണ്ട്. തിങ്കളാഴ്ച മലപ്പുറത്ത് ചേർന്ന സമവായ ചർച്ചയിൽ സമസ്തയിലെ ലീഗ് വിരുദ്ധ പക്ഷം പങ്കെടുത്തിരുന്നില്ല. ചർച്ചയിൽ പങ്കെടുക്കാത്ത ലീഗ് വിരുദ്ധ പക്ഷവുമായി മുശാവറ യോഗത്തിനുശേഷം ചർച്ച നടക്കുമെന്നും സമസ്ത-ലീഗ് നേതാക്കന്മാർ അറിയിച്ചിരുന്നു.
സമസ്ത-ലീഗ് നേതൃത്വത്തിന് മുൻപിൽ അവതരിപ്പിച്ച അതേ ആവശ്യങ്ങൾ മുശാവറ യോഗത്തിലും ലീഗ് അനുകൂല പക്ഷം ഉന്നയിക്കും.















