ഇംഫാൽ: മണിപ്പൂരിൽ 55 ഏക്കർ പോപ്പി കൃഷി നശിപ്പിച്ചു. മണിപ്പൂർ പോലീസും വനം വകുപ്പും ചേർന്ന് ഉഖ്റുൽ ജില്ലയിലെ ഷിഹായ് ഖുല്ലെൻ മലനിരകളിൽ 55 ഏക്കറോളം അനധികൃത പോപ്പി കൃഷി നശിപ്പിച്ചതായി ചൊവ്വാഴ്ച പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
പോപ്പി കൃഷി നശിപ്പിക്കുന്നതിനുള്ള കർമ്മ പദ്ധതിയുടെ ഭാഗമായി റിമോട്ട് സെൻസിംഗും ജിഐഎസ് സാങ്കേതികവിദ്യയും ഉപയോഗിച്ച് പോപ്പി കൃഷി ചെയ്യുന്ന പ്രദേശത്തിന്റെ മാപ്പിംഗും എസ്റ്റിമേഷനും നടത്തുന്നുണ്ടായിരുന്നു. വനംവകുപ്പിന്റെ ഈ സർവേയിലാണ് ഇവിടെ അനധികൃതമായി കൃഷി ചെയ്തുവരുന്നിരുന്ന പോപ്പി തോട്ടം കണ്ടെത്തിയത്.
ഇതേ തുടർന്ന് കഴിഞ്ഞ ദിവസം 55 ഏക്കർ പോപ്പി കൃഷി പൊലീസ് സംരക്ഷണത്തോടെ നശിപ്പിച്ചു. തുടർന്ന് ആ തോട്ടങ്ങളിൽ സ്ഥാപിച്ചിരുന്ന 5 കുടിലുകളും നശിപ്പിച്ചു. ഇവിടെ കൃഷിയിറക്കിയവർ ആരാണെന്ന് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
2017 മുതൽ മണിപ്പൂർ സർക്കാർ 12 ജില്ലകളിലായി 19,135 ഏക്കർ അനധികൃത പോപ്പി വിളകൾ നശിപ്പിച്ചിട്ടുണ്ട്. കാങ്ബോക്ബി ജില്ലയിൽ 4,454 ഏക്കറും ഉക്രൂൽ ജില്ലയിൽ 3,348 ഏക്കറും ചുരാചന്ദ്പൂരിൽ 2,713.8 ഏക്കറും നശിപ്പിച്ചിരുന്നു. പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പോലീസ് പ്രസ്താവനയിൽ പറഞ്ഞു.















