കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു. കേസിലെ സാക്ഷിവിസ്താരം ഒരു മാസം മുൻപ് പൂർത്തിയായതാണ്. സാക്ഷിമൊഴികളും ഹാജരാക്കിയ തെളിവുകളും അടിസ്ഥാനമാക്കിയുള്ള പ്രോസിക്യൂഷൻ വാദമായിരിക്കും ആദ്യം. ഇതിന് പ്രതിഭാഗം മറുപടി നൽകും. നടൻ ദിലീപാണ് കേസിൽ എട്ടാം പ്രതി.
അന്തിമവാദത്തിന്റെ നടപടിക്രമങ്ങൾ ഒരു മാസം കൊണ്ട് പൂർത്തിയായേക്കും. വാദം പൂർത്തിയായതിന് ശേഷം കേസ് വിധി പറയാനായി മാറ്റും. 2017 ഫെബ്രുവരിയിലാണ് നടി ആക്രമിക്കപ്പെട്ടത്. 2018 മാർച്ച് എട്ടിനാണ് വിചാരണ നടപടികൾ ആരംഭിച്ചത്. അതേസമയം കേസുമായി ബന്ധപ്പെട്ട് അതിജീവിത കഴിഞ്ഞ ദിവസം രാഷ്‌ട്രപതിക്ക് കത്തയച്ചിരുന്നു. മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്നുപരിശോധിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കത്ത് നൽകിയത്. വിചാരണ അന്തിമഘട്ടത്തിലെത്തി നിൽക്കെ അതിജീവിത നൽകിയ പരാതി കേസിന്റെ മുന്നോട്ടുള്ള ഗതിയിൽ നിർണായകമാകും.
മെമ്മറി കാർഡ് അനധികൃതമായി തുറന്നു പരിശോധിച്ചതായി ശാസ്ത്രീയ പരിശോധനയിൽ തെളിഞ്ഞിരുന്നു. വിചാരണ കോടതിയുടേയും എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേയും അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയുടേയും പരിഗണനയിലിരിക്കെ ഇത് മെമ്മറി കാർഡ് തുറന്ന് പരിശോധിച്ചെന്നാണ് കോടതി തന്നെ കണ്ടെത്തിയത്. എന്നാൽ ആരാണ് തുറന്നതെന്നോ, എന്താണ് അത് പരിശോധിച്ചവരുടെ ലക്ഷ്യമെന്നോ, ദൃശ്യങ്ങൾ പുറത്തുപോയിട്ടുണ്ടോ എന്നതിലെല്ലാം ഒരു പരിശോധനയും നടന്നിട്ടില്ലെന്നും കത്തിൽ പറയുന്നു. വിഷയത്തിൽ ഹൈക്കോടതിയേയും സുപ്രീംകോടതിയേയും സമീപിച്ചിട്ടും പ്രയോജനമുണ്ടായില്ലെന്നും, അതിനാലാണ് രാഷ്‌ട്രപതിയെ സമീപിച്ചതെന്നുമാണ് കത്തിലുള്ളത്.