സോൾ: ദക്ഷിണകൊറിയയിൽ പട്ടാളനിയമം പ്രഖ്യാപിച്ചതിന് പ്രധാനപങ്കുണ്ടെന്ന് ആരോപിക്കപ്പെട്ട മുൻ പ്രതിരോധമന്ത്രി കിം യോങ് ഹ്യൂൻ അറസ്റ്റിലാകുന്നതിന് തൊട്ടുമുൻപ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചതായി റിപ്പോർട്ട്. പ്രസിഡന്റ് യുൻ സുക് യോൾ രാജ്യത്ത് പട്ടാളനിയമം ഏർപ്പെടുത്തിയതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് കിം യോങ് ഹ്യുൻ രാജിവച്ച് സ്ഥാനം ഒഴിഞ്ഞിരുന്നു. പിന്നാലെ ഞായറാഴ്ച മുതൽ ഇദ്ദേഹം കരുതൽ തടങ്കലിലായിരുന്നു. ഇന്നലെയാണ് ഔദ്യോഗികമായി അറസ്റ്റ് രേഖപ്പെടുത്തിയത്.
അറസ്റ്റ് ചെയ്യപ്പെടുന്നതിന് തൊട്ടുമുൻപായി കിം ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് കൊറിയ കറക്ഷൻ സർവീസ് കമ്മീഷണർ ജനറൽ ഷിൻ യോങ് ഹേ അറിയിച്ചത്. കരുതൽ തടങ്കൽ കേന്ദ്രത്തിൽ വച്ചാണ് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. വസ്ത്രത്തിലുണ്ടായിരുന്ന കട്ടിയേറിയ ചരട് ഉപയോഗിച്ച് ടോയ്‌ലറ്റിനുള്ളിൽ കയറിയ ശേഷം ആത്മഹത്യയ്‌ക്ക് ശ്രമിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
പട്ടാളനിയമം പ്രഖ്യാപിച്ചതുമായി ബന്ധപ്പെട്ട് നിയമമന്ത്രാലയത്തിന് കീഴിലാണ് കിമ്മിനെതിരെ അന്വേഷണം നടക്കുന്നത്. നിയമപ്രഖ്യാപനത്തിന് പിന്നാലെ രാജ്യത്ത് വലിയ രീതിയിൽ പ്രതിഷേധസമരങ്ങൾ നടന്നിരുന്നു. അധികാര ദുർവിനിയോഗമടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കിമ്മിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കുക എന്ന ലക്ഷ്യത്തിലാണ് കിമ്മിനെ അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥർ പറയുന്നു.
പ്രസിഡന്റ് യുൻ സുക് യോളിന് വിദേശയാത്ര നടത്തുന്നതിനും നിയമമന്ത്രാലയം വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. രാജ്യദ്രോഹക്കുറ്റത്തിനാണ് യൂനിനെതിരെ അന്വേഷണം നടക്കുന്നത്. കഴിഞ്ഞയാഴ്ച പ്രസിഡന്റിനെതിരെ കൊണ്ടുവന്ന അവിശ്വാസപ്രമേയം പരാജയപ്പെട്ടെങ്കിലും, വീണ്ടും പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷം അറിയിച്ചിട്ടുണ്ട്. വിദേശകാര്യം ഉൾപ്പെടെയുള്ള നിർണായക പദവികളും യൂനിൽ നിന്ന് എടുത്തുമാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രി ഹാൻ ഡാക് സു ഈ പദവികൾ ഏറ്റെടുക്കുമെന്ന് യൂനിന്റെ പീപ്പിൾസ് പാർട്ടി നേതാവ് ഹാൻ ഡോങ് ഹൂൻ അറിയിച്ചു.















