ന്യൂഡൽഹി: മീഡിയ വ്യവസായ മേഖല വൻ വളർച്ച കൈവരിക്കുമെന്ന് റിപ്പോർട്ട്. വരുന്ന് മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ വിനോദ-മാദ്ധ്യമ വ്യവസായം ശരാശരി 8.3 ശതമാനം വരെ വാർഷിക വളർച്ച നേടും. ആഗോള വിപണിയെ മറികടന്നാകും ഇന്ത്യയുടെ മുന്നേറ്റമെന്നും പ്രൈസ് വാട്ടർ കൂപ്പേഴ്സ് ഇന്ത്യയുടെ പഠന റിപ്പോർട്ടിൽ പറയുന്നു. ആഗോളതലത്തിൽ ശരാശരി വാർഷിക വളർച്ച 4.6 ശതമാനം മാത്രമായിരിക്കുമെന്നും റിപ്പോർട്ടിലുണ്ട്.
8.3 ശതമാനം വാർഷിക വളർച്ച കൈവരിച്ചാൽ രാജ്യത്തെ മീഡിയ വ്യവസായ മേഖലയുടെ മൂല്യം 3.65 ലക്ഷം കോടി രൂപയിലെത്തുമെന്നാണ് വിലയിരുത്തൽ. ഇന്ത്യയിലെ ജനസംഖ്യ, ഇൻ്റർനെറ്റ് ലഭ്യത, കുറഞ്ഞ നിരക്കിലുള്ള ഡാറ്റ എന്നിവയാണ് മേഖലയിലെ വളർച്ചയ്‌ക്കുള്ള ചാലകശക്തി. 2028-ഓടെ പരസ്യവിപണിയിലെ വളർച്ച 9.4 ശതമാനം വരെയായിരിക്കും. അതായത്, 1.58 ലക്ഷം കോടി രൂപ മൂല്യം വരും.
ഡിജിറ്റൽ പരസ്യമേഖലയിലെ ശരാശരി വളർച്ച ഇന്ത്യയിൽ 15.6 ശതമാനം വരെയാകും. മൂല്യം 85,000 കോടി രൂപയിലെത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ടെലിവിഷൻ മേഖല 4.2 ശതമാനവും പത്രമാദ്ധ്യമരംഗം മൂന്ന് ശതമാനവും വളർച്ച കൈവരിക്കും. ആഗോള മേഖലയിൽ ഇത് 1.6 ശതമാനവും 2.5 ശതമാനവും മാത്രമാകും വളർച്ചാനിരക്ക്. ലോകത്തിൽ ഏറ്റവുമധികം വളരുന്ന ഒടിടി വിപണിയും ഇന്ത്യയാണെന്ന് PWC റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. 14.9 ശതമാനം വാർഷിക വളർച്ചയാണ് പ്രതീക്ഷിക്കുന്നത്.















