ധാക്ക: രാജ്യത്ത് ഹിന്ദുവേട്ട നടക്കുന്നുവെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് ബംഗ്ലാദേശ് ഭരണകൂടം. പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഹസീനയെ രാജ്യത്ത് നിന്ന് ഓടിച്ചതിന് ശേഷം ന്യൂനപക്ഷങ്ങൾക്ക് നേരെ നടന്ന ആ്രമണങ്ങളിൽ 88 കേസുകൾ ഫയൽ ചെയ്തതായി അധികൃതർ വ്യക്തമാക്കി. ഇതിൽ ഭൂരിഭാഗം കേസുകളും ഹിന്ദുക്കളെയോ ഹിന്ദു ആരാധനാലയങ്ങളെയോ ആക്രമിച്ചതിനാണ്.
ഓഗസ്റ്റ് അഞ്ച് മുതൽ ഒക്ടോബർ 22 വരെയുള്ള കണക്കുപ്രകാരം 88 കേസുകൾ രജിസ്റ്റർ ചെയ്തതായും ഇതുമായി ബന്ധപ്പെട്ട് എഴുപതോളം പേർ അറസ്റ്റിലായെന്നും ബംഗ്ലാദേശ് സർക്കാർ വ്യക്തമാക്കുന്നു. ഇടക്കാല സർക്കാരിനെ നയിക്കുന്ന മുഹമ്മദ് യൂനുസിന്റെ പ്രസ് സെക്രട്ടറി ഷഫിഖുൾ അലം ആണ് ഇതുസംബന്ധിച്ച് വെളിപ്പെടുത്തൽ നടത്തിയത്.
ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളും സംഘർഷങ്ങളും വടക്കുകിഴക്കൻ സുനംഗഞ്ചിലും മധ്യ ഗാസിപൂരിലും കൂടുതലാണെന്ന് പ്രസ് സെക്രട്ടറി വ്യക്തമാക്കി. ആക്രമണത്തിന് ഇരയായവരിൽ മുൻ ഭരണകക്ഷിയുടെ പ്രവർത്തകരായ ചിലരുണ്ടെന്നും ഷഫിഖുൾ അലം പറഞ്ഞു. പൊലീസ് ഉചിതമായ നടപടി സ്വീകരിക്കുന്നുണ്ടെന്നാണ് പ്രസ് സെക്രട്ടറിയുടെ അവകാശവാദം.
വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി ഡിസംബർ 9ന് ബംഗ്ലാദേശ് നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചയിൽ രാജ്യത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണങ്ങളെക്കുറിച്ച് ചർച്ച ചെയ്തിരുന്നു. ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയും ക്ഷേമവുമായി ബന്ധപ്പെട്ട് ഇന്ത്യക്കുള്ള ആശങ്കകൾ അറിയിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രസ് സെക്രട്ടറി മാദ്ധ്യമങ്ങളോട് ഇക്കാര്യം വ്യക്തമാക്കിയത്.















