പണം കൊടുക്കാതെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിക്കാനാകുമോ? ആഹാരം വാങ്ങുന്നെങ്കിൽ അതിന്റെ പണം എണ്ണിക്കൊടുക്കുക തന്നെ വേണമല്ലേ.. എന്നാൽ ഇന്ത്യയിലെ ഒരു ഹോട്ടലിൽ നിങ്ങൾക്ക് പണം നൽകാതെ ഭക്ഷണം കഴിക്കാം. പക്ഷെ ഒരു നിബന്ധനയുണ്ട്. ഫുൾ മീൽ സൗജന്യമായി അകത്താക്കണമെങ്കിൽ നിങ്ങളൊരു ‘സാധനം’ പകരം നൽകണം. പ്ലാസ്റ്റിക് വേസ്റ്റ്!!!
വിചിത്രമെന്ന് തോന്നുന്ന ഈ ബാർട്ടർ സമ്പ്രദായം ’ഗാർബേജ് കഫേ’യിലാണ് (Garbage Cafe) നടക്കുന്നത്. പേരുപോലെ തന്നെ മാലിന്യം കൊടുത്താൽ തിരികെ ഭക്ഷണം നൽകുന്ന കഫേയാണിത്. ഛത്തീസ്ഗഡിലെ അംബികാപൂർ ജില്ലയിലാണ് അവിശ്വസനീയമായ ഈ കഫേ സ്ഥിതിചെയ്യുന്നത്.
ഈ കഫേയിൽ നിന്ന് സൗജന്യ പ്രഭാതഭക്ഷണം വേണമെങ്കിൽ അരക്കിലോ പ്ലാസ്റ്റിക് മാലിന്യം (plastic waste) നൽകിയാൽ മതിയാകും. ആലൂ ചാപ്, ഇഡലി, സമൂസ, ബ്രഡ് ചാപ് തുടങ്ങിയ വിഭവങ്ങൾ ബ്രേക്ക്ഫാസ്റ്റായി ലഭിക്കും. ഇനി നിങ്ങൾ ഒരു കിലോ പ്ലാസ്റ്റിക് വേസ്റ്റ് നൽകാൻ തയ്യാറെങ്കിൽ വിഭവസമൃദ്ധമായ ഉച്ചഭക്ഷണമാണ് കിട്ടുക. നാല് റൊട്ടിയും രണ്ടുതരം പച്ചക്കറികളും ദാലും അരപ്ലേറ്റ് ചോറും സാലഡും തൈരും അച്ചാറും പപ്പടവും ഒക്കെ അടങ്ങിയ നല്ല കിടിലൻ ഉച്ചയൂണ് സൗജന്യമായി കഴിക്കാം.
എന്തിനീ സൗജന്യം?
പ്ലാസ്റ്റിക് മലിനീകരണത്തെ ചെറുക്കുക, പാരിസ്ഥിതിക സുസ്ഥിരത പ്രോത്സാഹിപ്പിക്കുക എന്നിങ്ങനെയുള്ള ഉദ്ദേശ്യലക്ഷ്യങ്ങളോടെ ആരംഭിച്ച ശുചീകരണ കാമ്പയിന്റെ ഭാഗമാണ് ഗാർബേജ് കഫേ. ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായ ഇൻഡോറിനൊപ്പം റാങ്ക് പട്ടികയിൽ ഇടംപിടിക്കുന്ന സ്ഥലമാണ് ശുചിത്വത്തിന് പേരുകേട്ട അംബികാപൂർ. ഇവിടം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത്തരമൊരു വിചിത്ര ഓഫറെന്ന് കഫേ ഉടമസ്ഥർ പ്രതികരിച്ചു.















