ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട് കപൂർ കുടുംബം. രാജ് കപൂറിന്റെ (Raj Kapoor) 100-ാം ജന്മവാർഷികത്തോട് അനുബന്ധിച്ച് നടക്കുന്ന RK ഫിലിം ഫെസ്റ്റിവലിലേക്ക് ക്ഷണിക്കാനാണ് കപൂർ കുടുംബം മോദിയുടെ ഔദ്യോഗിക വസതിയിലെത്തിയത്. ഇതിന്റെ ചിത്രങ്ങൾ താരങ്ങൾ പങ്കുവച്ചു.
രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ ഖാൻ, സെയ്ഫ് അലി ഖാൻ, കരിഷ്മ കപൂർ, നീതു കപൂർ, റിദ്ദിമ കപൂർ തുടങ്ങിയവരും മറ്റ് കുടുംബാംഗങ്ങളും മോദിയെ കണ്ട് സംസാരിച്ചു.
പ്രധാനമന്ത്രിയെ കണ്ട നിമിഷങ്ങൾ കരീന കപൂർ (Kareena Kapoor), കരിഷ്മ കപൂർ എന്നിവർ തങ്ങളുടെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ചിട്ടുണ്ട്.
കരീനയും ഭർത്താവ് സെയ്ഫ് അലി ഖാനും മോദിയോടൊപ്പം നിൽക്കുന്ന ചിത്രവും മക്കൾക്കായി ഓട്ടോഗ്രാഫ് നൽകുന്ന പ്രധാനമന്ത്രിയുടെ ഫോട്ടോയും കരീന പോസ്റ്റ് ചെയ്തിട്ടുണ്ട്.
കരിഷ്മയും മോദിയോടൊപ്പമുള്ള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു.
വിടപറഞ്ഞ അതുല്യ കലാകാരൻ രാജ് കപൂറിന്റെ നൂറാം ജന്മവാർഷികം ഡിസംബർ 14ന് ആഘോഷിക്കുന്ന വേളയിൽ അദ്ദേഹത്തെ ആദരിക്കുന്നതിന് വേണ്ടിയാണ് ചലച്ചിത്ര മേള (RK Film Festival) സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സിനിമയ്‌ക്ക് രാജ് കപൂർ നൽകിയ അതുല്യ സംഭാവനകളെ ഓർമിക്കുന്നതിന് വേണ്ടി കൂടിയാണ് കപൂർ കുടുംബം RK ഫിലിം ഫെസ്റ്റിവൽ നടത്താൻ തീരുമാനിച്ചത്.
കരീനയുടേയും രൺബീർ കപൂറിന്റെയുമൊക്കെ മുത്തശ്ശനാണ് രാജ്കപൂർ. മോദിയെ കാണാനും രാജ് കപൂർ ചലച്ചിത്ര മേളയിലേക്ക് ക്ഷണിക്കാനുമെത്തിയ കപൂർ കുടുംബം പ്രധാനമന്ത്രിയോടൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുക്കുകയും ചെയ്തു.