ആലപ്പുഴ: ഡയാലിസിസിലൂടെ ജീവിതം നയിക്കുന്ന യുവതി സേവാഭാരതി നടത്തുന്ന അന്നദാനത്തിന് സംഭാവനയായി നൽകിയത് 7,000 രൂപ. ഹരിപ്പാട് സർക്കാർ ആശുപത്രിയിലാണ് ഈ കരളലിയിക്കുന്ന കാഴ്ച. മാവേലിക്കര മാങ്കാംകുഴി പാറക്കുളങ്ങര കോളനിയിൽ വാടകയ്‌ക്ക് താമസിക്കുന്ന 35-കാരി പ്രിയയാണ് മറ്റുള്ളവർക്ക് മാതൃകയായിരിക്കുന്നത്. ഇരു വൃക്കകളും തകരാറിലായി ഡയാലിസിസിലൂടെയാണ് യുവതി കഴിയുന്നത്.
ഭർത്താവ് സിജു ആറ് മാസം മുൻപ് വാടകവീട്ടിലെ കുടിവെള്ള സംഭരണി വൃത്തിയാക്കുന്നതിനിടെ വീണ് നട്ടെല്ലിന് പരിക്കേറ്റ് കിടപ്പിലാണ്. എട്ടാം ക്ലാസിൽ പഠിക്കുന്ന മകളും മൂന്നാം ക്ലാസുകാരൻ മകനുമടങ്ങുന്നതാണ് കുടുംബം. കുടുംബത്തിന്റെ അത്താണിയായിരുന്ന പ്രിയതമൻ കിടപ്പിലായതോടെ ജീവിതം എങ്ങനെ മുന്നോട്ട് കൊണ്ടുപോകണമെന്നറിയാതെ വലയുന്നതിനിടയാണ് പ്രിയയുടെ വലിയ സംഭാവന. ഭർത്താവിനെ ശുശ്രൂഷിക്കാൻ മക്കൾക്കൊപ്പം ആശുപത്രിയിൽ കഴിയുന്നതിനിടെയാണ് പ്രിയ ഭക്ഷണവിതരണത്തിന് സംഭാവന നൽകിയത്.
സിജുവിന്റെ വൃക്ക പ്രിയയ്‌ക്ക് മാറ്റി വയ്‌ക്കാനായി ഏറെ പണം ചെലവാക്കി പരിശോധന പൂർത്തിയാക്കിയതിന് പിന്നാലെയായിരുന്നു അപ്രതീക്ഷിതമായി ദുരന്തമെത്തിയത്. വീഴ്ചയിൽ സിജുവിന്റെ നട്ടെല്ല് തകർന്നു. ഇടതുകൈയുടെയും കാലിന്റെയും ചലനശേഷി നഷ്ടപ്പെട്ടു. സംസാരശേഷിയും പൂർണമായി നഷ്ടപ്പെട്ടു. നേരിയ ഓർമ മാത്രമാണ് അദ്ദേഹത്തിനുള്ളത്. ചികിത്സയ്‌ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഏറെ നാൾ കിടന്നു. പിന്നീട് ഹരിപ്പാട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ആഴ്ചയിൽ മൂന്ന് ദിവസം മാവേലിക്കര ഗവ. ആശുപത്രിയിലെത്തിയാണ് പ്രിയ ഡയാലിസിസ് നടത്തുന്നത്. പ്രിയയ്‌ക്കും സിജുവിനുമൊപ്പം മക്കളും ആശുപത്രിയിലാണ്. അദ്ധ്യാപകരും സഹപാഠികളും പാഠങ്ങൾ വാട്സ്ആപ്പിൽ അയച്ച് നൽകുകയാണ് പതിവ്. ആശുപത്രി വാർഡിലിരുന്നാണ് പഠനം. അമ്മ ഡയാലിസിസിനായി പോകുമ്പോൾ മകളാണ് അച്ഛനെ ശുശ്രൂഷിക്കുന്നത്.
ഭക്ഷണ വിതരണം ചെയ്യാൻ സംഭാവന നൽകിയ ആളെ സേവാഭാരതി പ്രവർത്തകർ വിളിച്ചപ്പോൾ അവശയായ യുവതിയാണ് മുന്നോട്ട് വന്നത്. പിന്നീട് കാര്യം തിരക്കിയപ്പോഴാണ് പ്രിയയുടെ ദുരവസ്ഥ പുറംലോകമറിയുന്നത്. സിജുവിനെ ഗുരുതരാവസ്ഥയിലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജീവൻ തിരികെ കിട്ടാൻ സാധ്യതയില്ലെന്ന ഡോക്ടർമാർ പറഞ്ഞിരുന്നു. ഭർത്താവിനെ ജീവനോടെ തിരികെ കിട്ടിയാൽ വിശക്കുന്നവർക്ക് ഭക്ഷണം നൽകാമെന്ന് പ്രിയ വഴിപാട് നേർന്നിരുന്നു.
കഴിഞ്ഞ ദിവസം ഒരു സംഘടന ഇവർക്ക് 10,000 രൂപ സഹായമായി നൽകിയിരുന്നു. ഇതിൽ നിന്നാണ് 7,000 രൂപ അന്നദാനത്തിനായി നൽകിയത്. പ്രിയയുടെ ദുരവസ്ഥ അറിഞ്ഞതോടെ സേവാഭാരതി പ്രവർത്തകർ 3,000 രൂപ കൂടി ചേർത്ത് 10,000 രൂപ മടക്കി നൽകുകയായിരുന്നു. മഹാമനസ്കതയുടെ പ്രതിരൂപമായി മാറുകയാണ് ഈ വനിത. ദുരിതം അനുഭവിക്കുന്ന ഈ കുടുംബത്തെ 8281200973 എന്ന നമ്പറിൽ ബന്ധപ്പെടാം.















