കറുത്ത പ്ലാസ്റ്റിക് തവി/സ്പൂൺ, പാത്രങ്ങൾ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യാറുണ്ടോ? ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നാണ് ഗവേഷകരുടെ മുന്നറിയിപ്പ്. അമേരിക്കയിലെ നോൺ-പ്രോഫിറ്റ് ഓർഗനൈസേഷനായ ടോക്സിക് ഫ്രീ ഫ്യൂച്ചറിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

കാൻസറിന് കാരണമാകുന്ന, ഹോർമോൺ പ്രവർത്തനത്തെ തടസപ്പെടുത്തുന്ന പല രാസവസ്തുക്കളും ബ്ലാക്ക് പ്ലാസ്റ്റിക് പാത്രങ്ങളിലും സ്പൂണുകളിലും ഉണ്ടെന്ന് ഗവേഷകർ കണ്ടെത്തി. ബ്ലാക്ക് പ്ലാസ്റ്റിക് കൊണ്ടുള്ള കളിപ്പാട്ടങ്ങൾ വരെ അപകടകരമാണെന്നാണ് പഠനത്തിൽ പറയുന്നത്. ബ്ലാക്ക് പ്ലാസ്റ്റിക്കിൽ നിർമിച്ച 203 അടുക്കള വസ്തുക്കളിൽ നടത്തിയ പഠനlത്തിലാണ് കണ്ടെത്തൽ. 85 ശതമാനം ഉപകരണങ്ങളിലും അപകടകരമായ രാവസ്തുക്കളുണ്ടെന്ന് കണ്ടെത്തി. ജേണൽ കീമോസ്ഫിയറിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ബ്ലാക്ക് പ്ലാസ്റ്റിക്കിൽ എന്തെല്ലാം അപകടങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്, എന്തെല്ലാം പ്രത്യാഘാതങ്ങൾ ശരീരത്തിനുണ്ടാകും?
കാർസിനോജെനിസിറ്റി: ട്യൂമറുകൾ ഉണ്ടാകുന്നതിന് പ്രേരിപ്പിക്കുന്ന രാസവസ്തു അടങ്ങിയിരിക്കുന്നതിനാൽ അർബുദ സാധ്യത വർദ്ധിക്കുന്നു.
എൻഡോക്രൈൻ ഡിസ്റപ്ഷൻ: രാസവസ്തുക്കൾ കാരണം ഹോർമോണുകളുടെ പ്രവർത്തനത്തിലോ ഉത്പാദനത്തിലോ മാറ്റം വരുന്നു.
ന്യൂറോടോക്സിസിറ്റി: വിഷ പദാർത്ഥങ്ങൾ ശരീരത്തിലെത്തുമ്പോൾ മസ്തിഷ്കത്തിനോ പെരിഫറൽ നാഡീവ്യൂഹത്തിനോ ക്ഷതം സംഭവിക്കാം.
പ്രത്യുൽപാദന ടോക്സിസിറ്റി: പ്രായപൂർത്തിയായ പുരുഷന്മാരിലും സ്ത്രീകളിലും പ്രത്യുൽപാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നു.















