നഷ്ടങ്ങൾക്കൊന്നും ഇവിടെ സ്ഥാനമില്ല, അയ്യപ്പനെ ദർശിക്കുകയാണ് പരമ പ്രധാനമായ ലക്ഷ്യം. 27 വർഷം മുൻപ് അപകടത്തിൽ കാൽ നഷ്ടമായതോടെ ഊന്നുവടിയുടെ സഹായത്താൽ കാൽനടയായാണ് വിഷ്ണുദാസ് എന്ന ഭക്തൻ മല ചവിട്ടുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി ഈ 72-കാരൻ ഇതിന് മുടക്കം വരുത്തിയിട്ടില്ല.
22 ദിവസം വരെ എടുത്താണ് ഗുരുവായൂരിൽ നിന്ന് വിഷ്ണുദാസ് ശബരിമലയിലെത്തുന്നത്. ഇത്തവണയും കാൽനടയായി തന്നെയാണ് മലചവിട്ടാനെത്തുന്നത്. കൊല്ലം പാരിപ്പള്ളി സ്വദേശിയായ വിഷ്ണുദാസ് 27 വർഷമായി ഗുരുവായൂർ ക്ഷേത്ര പരിസരത്താണ് താമസിക്കുന്നത്.
വാഹനാപകടത്തെ തുടർന്നാണ് കാൽ നഷ്ടമായത്. ചികിത്സയ്‌ക്ക് ശേഷം ഗുരുവായൂർ ക്ഷേത്ര പരിസരത്തെത്തിയത്. ഗുരുവായൂരിലെത്തുന്നവർക്ക് ചിത്രങ്ങൾ വരച്ച് നൽകിയാണ് വിഷ്ണുദാസ് ജീവിതമാർഗം കണ്ടെത്തുന്നത്. ഒറ്റയ്‌ക്കാണ് യാത്ര. പുലർച്ചെ യാത്ര ആരംഭിച്ചാൽ വെയിൽ ശക്തമാകുന്നതോടെ വിശ്രമിക്കും. വീണ്ടും യാത്ര തുടരും. ക്ഷേത്രങ്ങളിലാണ് രാത്രിയിൽ തങ്ങുക.















