ന്യൂഡൽഹി: ഇൻഡി സഖ്യത്തെ കടന്നാക്രമിച്ച് കേന്ദ്ര ആരോഗ്യമന്ത്രിയും ബിജെപി ദേശീയ അദ്ധ്യക്ഷനുമായ ജെപി നദ്ദ. ജോർജ് സോറോസുമായുള്ള പ്രതിപക്ഷത്തിന്റെ ബന്ധം പുറത്തുവരാതിരിക്കാനുള്ള നീക്കങ്ങളുടെ ഭാഗമായാണ് രാജ്യസഭയിൽ നിരന്തരം ബഹളമുണ്ടാക്കി സഭ നിർത്തിവയ്‌ക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് ജെ പി നദ്ദ പറഞ്ഞു.
ഇന്ത്യയുടെ പരമാധികാരവും സുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാൽ യുഎസ് കോടീശ്വരനായ ജോർജ് സോറോസുമായുള്ള പ്രതിപക്ഷത്തിലെ മുതിർന്ന നേതാക്കളുടെ ബന്ധം ചർച്ചചെയ്യണമെന്ന് അദ്ദേഹം രാജ്യസഭയിൽ ആവശ്യപ്പെട്ടു.
” ജോർജ് സോറോസും സോണിയയുമായി എന്താണ് ബന്ധമെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവണം. രണ്ട് ദിവസമായി ഈ വിഷയം ഉന്നയിക്കാൻ ശ്രമിക്കുന്ന ഭരണപക്ഷത്തെ നിശബ്ദമാക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് നമ്മുടെ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണ്. ജോർജ് സൊറോസുമായുള്ള പ്രതിപക്ഷത്തിന്റെ ബന്ധം പുറത്തുകൊണ്ടുവരേണ്ടതുണ്ട്.”- ജെ പി നദ്ദ പറഞ്ഞു.
രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്ദീപ് ധൻകറെ ബഹുമാനിക്കാതെയാണ് അദ്ദേഹത്തിനെതിരെ ഇൻഡി സഖ്യം അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. അദ്ദേഹത്തെ മോശമായി ചിത്രീകരിക്കാനായിരുന്നു കോൺഗ്രസ് ശ്രമിച്ചതെന്നും ജെ പി നദ്ദ തുറന്നടിച്ചു. ജഗ്ദീപ് ധൻകറെ അപമാനിക്കാൻ ശ്രമിച്ച കോൺഗ്രസിന്റെ പ്രവൃത്തി തികച്ചും അപലനീയമാണെന്നും പ്രതിപക്ഷം ഇന്ത്യാവിരുദ്ധ ശക്തികൾക്കൊപ്പം നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും വിമർശിച്ച് കേന്ദ്രമന്ത്രി കിരൺ റിജിജുവും രംഗത്തെത്തിയിരുന്നു.















